നമ്മള്‍ ഒരു ഹോസ്പ്പിറ്റലില്‍ പോയിക്കഴിഞ്ഞാല്‍ ഡോക്ടര്‍ നമ്മുടെ നാവ് പരിശോധിക്കാറുണ്ടല്ലോ? പലപ്പോഴും അതുകൊണ്ട് മാത്രം കൃത്യമായി രോഗം കണ്ടെത്താന്‍ സാധിക്കാറില്ല. എന്നാല്‍ ഒരു വ്യക്തിയുടെ നാവിന്റെ ചിത്രം മാത്രം വിശകലനം ചെയ്ത് രോഗം കണ്ടെത്താന്‍ സാധിക്കുന്ന എ ഐ മോഡലുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഇനി ബ്ലഡ് ടെസ്റ്റ്, യൂറിന്‍ ടെസ്റ്റ്, ഫുള്‍ ബോഡിചെക്കപ്പ് തുടങ്ങിയവയെല്ലാം ചെയ്ത് സമയവും കളയേണ്ട പോക്കറ്റും കാലിയാക്കേണ്ട എന്നാണ് ഗവേഷകര്‍ പറയുന്നത്. ബാഗ്ദാദിലെ മിഡില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
നാവിന്റെ നിറവും രൂപ സവിശേഷതയും പരശോധിച്ചുള്ള രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ചൈനീസ് വൈദ്യശാസ്ത്ര രീതിയും ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് ഈ കണ്ടെത്താന്‍ നടത്തിയിരിക്കുന്നത്.
നാവിന് മഞ്ഞ നിറമാണെങ്കില്‍ പ്രമേഹ രോഗമാകാമെന്നും, കാന്‍സര്‍ ബാധിതരുടെ നാവിന് പര്‍പ്പിള്‍ നിറവും കട്ടിയുള്ള കൊഴുപ്പ് നിറഞ്ഞ ആവരണവും ഉണ്ടാകും , സ്‌ട്രോക്ക് ബാധിച്ചവരില്‍ ചുവപ്പ് നിറത്തില്‍ സാധാരണ ആകൃതിയിലുള്ള നാവാണ് കാണ്ടുവരാറുള്ളതെന്നും, വെള്ള നിറത്തിലുള്ള നാവ് അനീമിയയുടേയും കടുത്ത ചുവപ്പ് നിറം കോവിഡ്-19 നേയും സൂചിപ്പിക്കുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ അല്‍ നാജി പറയുന്നു.
5260 നാവുകളുടെ ചിത്രങ്ങള്‍ പരിശോധിച്ചാണ് എഐ മോഡല്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചായത് കൊണ്ട് തന്നെ ആര്‍ക്കും എവിടെ നിന്ന് വേണമെങ്കിലും അവരുടെ നാവിന്റെ ഫോട്ടോ എടുത്ത് രോഗാവസ്ഥയെക്കുറിച്ച് മനസിലാക്കാം. അങ്ങനെ ആണെങ്കിലും സ്വയം ചികിത്സ നല്ലതല്ല.