ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യം. ഗയ ബിഎച്ച്3 എന്ന് പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്.
ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്.ഗയ ദൗത്യം വഴി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗയ ബിഎച്ച്3 തമോഗര്‍ത്തത്തെ കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമിയില്‍ നിന്നും 2000 പ്രകാശവര്‍ഷം അകലെയാണ് ഈ തമോഗര്‍ത്തം സ്ഥിതി ചെയ്യുന്നത്.മറ്റു താരാപഥങ്ങളില്‍ ഇത്തരത്തിലുള്ള വലിയ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ക്ഷീരപഥത്തില്‍ ഇങ്ങനെയൊരു തമോഗര്‍ത്തം കണ്ടെത്തുന്നത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ അംഗരാജ്യങ്ങളെല്ലാം ഗയ ദൗത്യത്തിലും പങ്കെടുക്കുന്നുണ്ട്.കൃത്യതയുള്ള വിവരങ്ങള്‍ ലഭിച്ചതോടെയാണ് തമോഗര്‍ത്തത്തിന്റെ ഭാരം വരെ അസാധാരണ കൃത്യതയോടെ കണ്ടെത്താന്‍ സാധിച്ചത്.
ക്ഷീരപഥത്തിന്റെ ഏറ്റവും കൃത്യവും സമഗ്രവുമായ 3ഡി ഭൂപടം സൃഷ്ടിക്കുകയെന്നതാണ് ഗയ ദൗത്യം വഴി ലക്ഷ്യമിടുന്നത്.എന്നാല്‍ ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് ഗയ ദൗത്യം വളരുന്നുവെന്നതിന്റെ തെളിവുകളാണ് പുതിയ കണ്ടെത്തലുകള്‍.
ക്ഷീരപഥത്തിലെ പുതിയ തമോഗര്‍ത്തത്തിന്റെ കണ്ടെത്തല്‍ ഗയ ദൗത്യം വഴിയുള്ള വിവരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിശോധിക്കാനുള്ള പ്രചോദനം ശാസ്ത്ര സമൂഹത്തിന് നല്‍കും.