വാണിജ്യാവശ്യങ്ങള്‍ക്കുള്ള വോയ്സ് കോളുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സന്ദേശങ്ങളയക്കുന്നതിനും വോയ്‌സ് കോളുകള്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്നാണ് ഇപ്പോഴത്തെ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ നിര്‍ദേശം അനുസരിച്ച് എല്ലാ ടെലികോം കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ട് ടെലികോം കമ്പനികള്‍ പുതിയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ വൈകാതെ നടപ്പാക്കേണ്ടി വരും.
ഇതോടെ നിലവില്‍ ടെലികോം വരിക്കാര്‍ക്ക് എസ്എംഎസ് വഴിയും വോയ്‌സ് കോള്‍ വഴിയും വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതിന് ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ട്രേഡിങ് കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പോലുള്ളവ ഇതുവരെ ഉപഭോക്താക്കളില്‍ നിന്ന് നേടിയ അനുമതികള്‍ അസാധുവാകും. കൂടാതെ വീണ്ടും വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അനുമതിയും തേടേണ്ടി വരും.
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ തന്നെ അനുമതി തേടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ആവശ്യപ്പെടാതെയുള്ള വാണിജ്യ സന്ദേശങ്ങളാണ് അണ്‍സോളിസിറ്റഡ് കൊമേഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്. ഇത്തരം സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ടെലികോം വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റലായി ഉപഭോക്താക്കളില്‍ നിന്ന് അനുമതി നേടാനായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോമും നടപടിക്രമങ്ങളും ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. 2023 ജൂണ്‍ രണ്ടിനാണ് ടെലികോം മന്ത്രാലയം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലുള്ള വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളോട് സെപ്റ്റംബര്‍ ഒന്ന് മുതല്‍ അനുമതി ശേഖരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.