അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ ഇറങ്ങി. ന്യൂ മെക്സികോയിലെ വൈറ്റ് സാന്‍ഡ് സ്പെയ്സ് ഹാര്‍ബറില്‍ രാവിലെ 9.37 ഓടെയാണ് പേടകം ഇറങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ടത്.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനെയും അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വില്‍മോറിനെയും വഹിച്ച് ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായ ഈ ദൗത്യത്തിന് 'ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്' എന്നാണ് പേര് നല്‍കിയത്.
സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തില്‍ എറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിട്ട ദൗത്യമായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിന്റെ സര്‍വ്വീസ് മൊഡ്യൂളിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോര്‍ച്ചയാണ് ദൗത്യത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചത്.
എന്നാല്‍ തടസങ്ങളെ മറികടന്നുകൊണ്ട് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയെങ്കിലും മടക്കയാത്ര പ്രതിസന്ധിയിലാണ്. ഇരുവരും ഇപ്പോഴും ബഹിരാകാശ നിലയത്തില്‍ തുടരുന്നു.
യാത്രികരില്ലാതെപോലും സ്റ്റാര്‍ലൈനര്‍ പേടകം മടങ്ങിയാല്‍ അത് ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങും എന്ന പ്രതീക്ഷ ശാസ്ത്ര സാങ്കേതിക ലോകത്തിന് ഇല്ലായിരുന്നു. തുടര്‍ന്നാണ് യാത്രക്കാരെ 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ തിരിച്ചെത്തിക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നത്.