കൊച്ചി: വ്യാജ ആപ്പിൾ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായുള്ള പരാതിയിൽ പെന്റാ മേനകയിലെ മൊബൈൽ കടകളിൽ പൊലീസ് റെയ്ഡ്. ഏഴ് കടകളിൽ നിന്നായി വ്യാജ ആപ്പിൾ ഉത്പന്നങ്ങൾ പിടികൂടി.തങ്ങളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ എറണാകുളത്ത് സജീവമായി വിൽപ്പന നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ കമ്പനിയുമായി ബന്ധപ്പെട്ട ആളുകളാണ് പൊലീസിനെ സമീപിച്ചത്. ഇതേത്തുടർന്നാണ് വ്യാപക റെയ്ഡ് നടത്തിയത്. എറണാകുളം സെൻട്രൽ പൊലീസാണ് റെയ്ഡ് നടത്തിയത്.
ഏഴോളം കടകളിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. ആപ്പിളിന്റേതെന്ന പേരിൽ വിൽപ്പന നടത്തിയ ഉത്പന്നങ്ങളാണ് പിടികൂടിയത്. മൊബൈൽ കവറുകൾ, ബാറ്ററി പാനലുകളടക്കമാണ് വിൽപ്പന നടത്തിയത്. സംഭവത്തിൽ മൂന്ന് കടയുടമകളെ അറസ്റ്റ് ചെയ്തതായാണ് വിവരം.മുംബൈയിൽ നിന്നാണ് വ്യാജ ഉത്പന്നങ്ങളെത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ തുടർപരിശോധന ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.