വോയേജര്‍ ഒന്ന് പേടകവുമായുള്ള ബന്ധം നഷ്ടമായതായി നാസ. 47 വര്‍ഷങ്ങളായി സൗരയൂഥത്തിന്റെ അതിരുകളില്‍ നിന്ന് വിവരങ്ങളും ചിത്രങ്ങളും അയയ്ക്കുന്ന വോയേജര്‍ ഒന്ന് ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ബഹിരാകാശ പേടകമാണ്.
1977ല്‍ ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന വോയേജര്‍ 1, സൂര്യന്റെ കാന്തികവലയത്തിന് പുറത്ത് പ്രവേശിക്കുന്ന ആദ്യത്തെ മനുഷ്യനിര്‍മിത വസ്തുവാണ്. നിലവില്‍ ഭൂമിയില്‍ നിന്ന് 15 ബില്യണ്‍ മൈലുകള്‍ അകലെയാണ് പേടകം ഉള്ളത്.
വിവിധ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് 47 വര്‍ഷക്കാലം ബഹിരാകാശത്ത് അതിജീവിച്ചെങ്കിലും പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായിരിക്കുകയാണ്. ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാനോ, ഭൂമിയില്‍ നിന്ന് നല്‍കുന്ന നിര്‍ദേശങ്ങളോട് പ്രതികരിക്കാനോ പേടകത്തിന് സാധിക്കുന്നില്ലെന്നാണ് നാസയുടെ വിശദീകരണം.
ഒകടോബര്‍ 16 ന് പേടകത്തിന്റെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെ പേടകത്തിലെ തകരാര്‍ പരിഹരിക്കുന്നതിനായുള്ള സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.എന്നാല്‍ ഒക്ടോബര്‍ 18 ന് വോയേജര്‍ 1 ന്റെ സിഗ്നലുകള്‍ക്കായുള്ള തെരച്ചില്‍ പരാജയപ്പെട്ടു.
ഇതോടെയാണ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി നാസ സ്ഥിരീകരിക്കുന്നത്. 2023ലും സമാനമായി പേടകവുമായുള്ള ബന്ധം നഷ്ടമായിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് പേടകത്തില്‍ നിന്നുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചത്.