സ്പേസ് എക്സ് സ്റ്റാര്‍ഷിപ് രണ്ടാം പരീക്ഷണം പൂര്‍ത്തിയായി. ചൊവ്വ, ചന്ദ്രന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങളിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.
ഏപ്രില്‍ 20 -ന് നടത്തിയ ആദ്യ പരീക്ഷണ വിക്ഷേപണത്തിനിടെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന് നവംബറിലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സ്പേസ് എക്സിന് വീണ്ടും ഒരു വിക്ഷേപണത്തിന് അനുമതി നല്‍കിയത്.
ആദ്യ വിക്ഷേപണത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് രണ്ടാമത് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. വെള്ളിയാഴ്ച ടെക്സാസിലെ ബോക്കാ ചീക്കയിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ റോക്കറ്റിലെ 'ഗ്രിഡ് ഫിന്‍ ആക്ച്വേറ്റര്‍' എന്ന ഉപകരണം മാറ്റി സ്ഥാപിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
ഇന്ത്യന്‍ സമയം ആറരയോടെ ആയിരുന്നു വിക്ഷേപണം നടത്തിയത്.വിക്ഷേപണം കഴിഞ്ഞ് ഒരു മണിക്കൂര്‍ 30 സെക്കന്റില്‍ റോക്കറ്റ് തിരിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.റോക്കറ്റിലെ ഫ്‌ലൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. എന്താണ് റോക്കറ്റ് പൊട്ടിത്തെറിക്കാന്‍ കാരണം എന്ന് വ്യക്തമായിട്ടില്ല. പരീക്ഷണം 85 ശതമാനം വിജയം എന്ന് സ്പേസ് എക്സ് അറിയിച്ചു. സ്പേസ് എക്സ് സംഘത്തെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അഭിനന്ദിച്ചു.