മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഭേദഗതി പ്രാബല്യത്തില്‍. സിം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായാണ് എംഎന്‍പി ചട്ടങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി ഏര്‍പ്പെടുത്തിയത്.
നമ്പര്‍മാറാതെ സേവനദാതാവിനെ മാറുന്ന സിം പോര്‍ട്ട് എന്ന പ്രക്രിയയിലെ നിയന്ത്രണങ്ങളിലാണ് മാര്‍ച്ച് 14ന് ട്രായ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ ഉപഭോക്താവിന്റെ മൊബൈല്‍ കമ്മ്യൂണിക്കേഷനുകളും നിരീക്ഷിക്കപ്പെടും.
ഒരു പുതിയ സിം പോര്‍ട്ട് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയാല്‍ 7 ദിവസത്തിന് ശേഷമേ പുതിയ ദാതാവിന്റെ സിം ഉപയോഗിക്കാന്‍ സാധിക്കൂ. സിം പോര്‍ട്ട് ചെയ്യുമ്പോള്‍ ആവശ്യമായ യുണീക് പോര്‍ട്ടിംഗ് കോഡ് നിരസിക്കാനും പുതിയ ഭേദഗതി പ്രകാരം സേവനദാതാക്കള്‍ക്ക് സാധിക്കും. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യുന്നതിന് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.
സിം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണിത്. 2009ലാണ് രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം കൊണ്ടുവന്നത്.