Share this Article
ലൂണാ ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ

ഗുജറാത്തിലെ കച്ച് മേഖലയില്‍ കണ്ടെത്തിയ ലൂണാ ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ. നാസ 2013ല്‍ വിക്ഷേപിച്ച ലാന്‍ഡ്‌സൈറ്റ്-8 എന്ന ഉപഗ്രഹമാണ് ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഉപഗ്രഹത്തിലെ ഒ എല്‍ ഐ എന്ന ഓപ്പറേഷനല്‍ ലാന്‍ഡ് ഇമേജര്‍ എന്ന ഉപകരണം പകര്‍ത്തിയ ചിത്രങ്ങളാണ് നാസ സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടത്. കച്ചി മേഖലയിലെ പന്നി എന്ന പുല്‍മേടുകള്‍ നിറഞ്ഞ പ്രദേശത്താണ് നിലവില്‍ ഗര്‍ത്തം കണ്ടെത്തിയത്.

ഗര്‍ത്തത്തില്‍  1.8 കിലോമീറ്റര്‍ വീതിയും 6 മീറ്റര്‍ ആഴവും ഉണ്ട്. ഇത്തരത്തിലുള്ള ഗര്‍ത്തങ്ങളെ ഗവേഷകര്‍ ഉല്‍ക്കാഘാത ഗര്‍ത്തങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ധാരാളം ഉള്‍കകള്‍ ഭൂമിക്ക് ചുറ്റുമായി പോകുന്നുണ്ടെങ്കിലും അവയില്‍ പലതും സമുദ്രത്തിലേക്ക് പതിക്കാറാണ് പതിവ്.

നാസയുടെ നിരീക്ഷണത്തില്‍ ഭൂമിയില്‍ ഇത്തരത്തിലുള്ള ആഘാതങ്ങള്‍ താരതമ്യേന കുറവാണെന്നും അവയില്‍ 200ല്‍ താഴെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നുമാണ് നാസ പറയുന്നത്. കച്ച് മേഖല ഒരു താഴ്ന്ന പ്രദേശമായതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഭൂരിഭാഗവും ഈ പ്രദേശം  വെള്ളത്തിലായിരിക്കും.

ലൂണാ ഗര്‍ത്തത്തില്‍ മിക്കപ്പോഴും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വരണ്ടിരിക്കുന്ന സമയങ്ങളില്‍ മാത്രമേ ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍   പോകാറുള്ളു. ഗര്‍ത്തത്തിലെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആഘാതം ഏകദേശം 6900 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണെന്നാണ് നാസയുടെ നിഗമനം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories