സൈബര്‍ ലോകത്ത് അവഗണിക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എഐ സെര്‍ച്ച് എന്‍ജിനായ ചാറ്റ്ജിപിടി. 2022 നവംബര്‍ 30നാണ് ചാറ്റ്ജിപിടി ആദ്യമായി അവതരിപ്പിച്ചത്. ഓപ്പണ്‍എഐയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ചാറ്റ്ജിപിടി ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 2023 ജനുവരിയോടെ ഏകദേശം 13 ദശലക്ഷം പേര്‍ ദിവസവും ഉപയോഗിക്കുന്ന ടെക്‌നോളജിയായി ഇത് വളര്‍ന്നു.
ഒരു കണ്‍സ്യൂമര്‍ ആപ്ലിക്കേഷന് ലഭിച്ച ഏറ്റവും വേഗതയേറിയ വളര്‍ച്ച എന്ന റെക്കോഡും ചാറ്റ്ജിപിടി സ്വന്തമാക്കി. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്സൈറ്റുമാണ് ചാറ്റ്ജിപിടിയുടെതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. എന്നാല്‍ 2023 അവസാനത്തോടെ ചാറ്റ്ജിപിടിയുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് എത്തുന്നത്. ചാറ്റ്ജിപിടിയ്ക്ക് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെ പുറത്താക്കിയതും ചര്‍ച്ചയായിരുന്നു. കമ്പനി മേധാവിയായ സാം ഓള്‍ട്ട്മാന്‍ ശ്രദ്ധേയനായത് ചാറ്റ്ജിപിടിയ്ക്ക് സ്വീകാര്യമേറിയപ്പോഴാണ്.
2015 ഡിസംബറിലാണ് സാം ഓള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ഇല്യ സുറ്റ്‌സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവര്‍ ചേര്‍ന്നാണ് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. 2019 മുതല്‍ കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ മൈക്രോസോഫ്റ്റായിരുന്നു.