Share this Article
വാട്ട്സാപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും; ആരാധകരുടെ മൊബൈലിലേക്ക് താരവിശേഷങ്ങൾ ഇനി നേരിട്ടെത്തും
വെബ് ടീം
posted on 14-09-2023
1 min read
mammootty and mohanlal started their official whatsapp channels, mammootty and mohanlal news

മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്ട്സാപ്പ് ചാനൽ തുടങ്ങി. ഇനിവരുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ഉൾപ്പെടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കും എന്ന് ഇരുവരും പറഞ്ഞു. വാട്ട്സാപ്പ് ചാനലുകളിലൂടെയുള്ള താരങ്ങളുടെ ആദ്യ സന്ദേശങ്ങൾക്ക് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

ഫേസ്ബുക് ഉൾപ്പെടെ ഉള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് വാട്ട്സാപ്പ് ചാനൽ തുടങ്ങിയ വിവരം മമ്മൂട്ടിയും മോഹൻലാലും അറിയിച്ചത്. ചാനലുകളിലേക്കുള്ള ലിങ്കുകളും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ താൻ ഈ ചാനൽ ഉപയോഗിക്കുകയാണ്. ഇക്കാരണത്താൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയാണെന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

'ഹലോ, മോഹൻലാൽ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങൾ ഇവിടെയെത്തിയതിൽ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കും. തുടക്കമെന്നോണം, ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്, സംവിധായകൻ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിൽ പ്രവർത്തിക്കുന്നു. കൃത്യമായി അപ്ഡേറ്റുകൾ ലഭ്യമാകാൻ ഈ ചാനലിൽ ചേരാൻ ഓർക്കുക. നന്ദി,' എന്നാണ് മോഹൻലാൽ കുറിച്ചത്.

ശനിയാഴ്ചയാണ് ഇരുവരും ചാനൽ ആരംഭിച്ചത്. മമ്മൂട്ടിക്ക് ഇതുവരെ അമ്പത്തേഴായിരത്തിലേറെ ഫോളോവർമാരെ ലഭിച്ചപ്പോൾ മോഹൻലാലിന് എഴുപത്തിരണ്ടായിരത്തിലേറെയാണ് ഫോളോവർമാർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories