ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയുടെ ഭാഗമായാണ് പുതിയ നടപടി. രണ്ട് വര്‍ഷത്തോളം ഉപയോഗിക്കുകയോ സൈന്‍ ഇന്‍ ചെയ്യുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് നീക്കം ചെയ്യുക. പേഴ്സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ഈ നടപടി ബാധിക്കുക. ജിമെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ബാധിക്കില്ല.
ഏറെ കാലം ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുക. ആദ്യം ഒഴിവാക്കുക നിര്‍മിച്ചതിന് ശേഷം ഒട്ടും ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളാണ്. നീക്കം ചെയ്യാന്‍ പോവുന്ന അക്കൗണ്ടുകളിലേക്ക് അക്കാര്യം അറിയിച്ചുകൊണ്ട് മെയിലുകള്‍ അയക്കുമെന്നും ഗൂഗിള്‍ പറയുന്നു.
ഉപയോഗിക്കാത്ത അക്കൗണ്ടുകളിലേക്കും ആ അക്കൗണ്ടുമായി റിക്കവറി ഇമെയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിലേക്കും ഗൂഗിള്‍ മുന്നറിയിപ്പ് മെയിലുകള്‍ അയയ്ക്കും. രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുക, ഇതേ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതിലൂടെ അക്കൗണ്ട് സജീവമാണെന്ന് കണക്കാക്കുകയും നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.