ശാസ്ത്രത്തിന്റെ ചരിത്രത്തെയും സൃഷ്ടിയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെയും മാറ്റി മറിച്ച സംഭവമായിരുന്നു ക്ലോണിംഗ് എന്ന അത്ഭുത വിദ്യ. കോശങ്ങളില്‍ നിന്ന് പൂര്‍ണ്ണതയിലുള്ള ഒരു ജീവിയെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകത്തോട് തെളിയിച്ചതിന്റെ വാര്‍ഷികമാണിന്ന്.
ലോകത്തിലെ ഏറ്റവും പ്രശസ്തയായ മൃഗം ഒരു പക്ഷേ ഡോളിയായിരിക്കും. ഏറ്റവുമധികം ഫോട്ടോഗ്രാഫുകള്‍ക്ക് മോഡലായതും മാധ്യമ ശ്രദ്ധ പറ്റിയതും ഡോളി തന്നെയാണ്. ഇത്രയധികം ഫേമസായ ഡോളി ചെമ്മരിയാടാണ്.
സാദാ ചെമ്മരിയാടല്ല, ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ജീവിയാണ് ഡോളി. സ്വാഭാവികമായ ലൈംഗിക പ്രക്രിയയിലൂടെ അല്ലാതെ ഒരു ജീവിയുടെ ശരീരത്തില്‍ നിന്നെടുക്കുന്ന കോശത്തില്‍ നിന്നാണ് കോണിംഗിലൂടെ പുതിയ ജീവിയെ സൃഷ്ടിക്കുന്നത്.
ഏത് ജീവിയില്‍ നിന്നാണോ കോശം ശേഖരിച്ചത്, എല്ലാ അര്‍ത്ഥത്തിലും ആ ജീവിയുടെ തനിപകര്‍പ്പായിരിക്കും ക്ലോണിംഗിലൂടെ ഉണ്ടായ ജീവിയും. സ്‌കോട്ട്ലന്‍ഡിലെ റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവുമാണ് ഡോളിയുടെ സൃഷ്ടിയ്ക്ക് പിന്നില്‍.
ജനിതകമായി മാറ്റം വരുത്തിയ കന്നുകാലികളെ സൃഷ്ടിക്കാനാകുമോ എന്നറിയാനുള്ള സര്‍വകലാശാലയുടെ ഗവേഷണ പരമ്പരയുടെ ഭാഗമായിരുന്നു ഇയാന്‍. ഈ അന്വേഷണമാണ് ക്ലോണിംഗിലേക്കും ഡോളിയുടെ പിറവിയിലേക്കും എത്തിച്ചത്. 1997 ഫെബ്രുവരിയിലാണ് ഡോളിയെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയതെങ്കിലും ഡോളി ജനിച്ചത് 1996 ജൂലൈ 5 നാണ്.
സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും മറ്റും ഉയര്‍ന്നു വരാനിടയുള്ള എതിര്‍പ്പുകളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഡോളിയുടെ ജനനം രഹസ്യമാക്കി വയ്ക്കാന്‍ ഇയാന്‍ വില്‍മുട്ട് തീരുമാനിക്കുകയായിരുന്നു.
സൃഷ്ടി ദൈവത്തിനു മാത്രം സാധ്യമാണെന്നു വിശ്വസിച്ചിരുന്ന ഒരു ഭൂരിപക്ശ സമൂഹത്തിലേക്കുള്ള ഡോളിയുടെ ജനനം ശാസ്ത്രത്തിന്റെ സാധ്യതകള്‍ എത്രമാത്രം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. ആ ഒറ്റ കാരണത്തിന്റെ പേരില്‍ ജൂലൈ 5 ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.