ചൊവ്വയില്‍ സമുദ്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി ചൈന. ചൈനയുടെ സുറോങ് മാര്‍സ് റോവറാണ് മൂന്നര ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന തീരപ്രദേശത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്.
ചൊവ്വയുടെ മൂന്നിലൊരു ഭാഗം സമുദ്രമായിരുന്നുവെന്ന് നേരത്തെതന്നെ ഗവേഷകര്‍ വാദം ഉയര്‍ത്തിയിരുന്നു. ഈ വാദത്തിന് ഒരു പരിധിവരെ ബലം നല്‍കുന്നതാണ് ചൈനയുടെ സുറോങ് റോവറിന്റെ കണ്ടെത്തല്‍.
ചൊവ്വയുടെ തെക്കന്‍ ഉട്ടോപ്പ്യന്‍ മേഖല ഭൂരിഭാഗവും തീരപ്രദേശമായിരുന്നുവെന്നും ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ കടലുണ്ടായിരുന്നതിന്റെ തെളിവാണെന്നും സുറോങ് റോവറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കി.
2021 മെയിലാണ് തിയാന്‍വന്‍-1 ദൗത്യത്തിന്റെ ഭാഗമായി സുറോങ് റോവര്‍ ചൊവ്വയുടെ മണ്ണില്‍ ഓടിതുടങ്ങിയത്. ചൊവ്വയുടെ ഉത്തരധ്രുവത്തിലുള്ള താഴ്ന്ന പ്രതലമായ വസിറ്റസ് ബൊറേലിസ് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ റോവറിന്റെ പഠനങ്ങളെല്ലാം.ഈ പ്രദേശവും സമുദ്രമായിരുന്നുവെന്നതിന്റെ തെളിവുകള്‍ പ്രകടമാണ്.
പ്രദേശത്തെ ധാതുക്കളുടെ സാന്നിധ്യം അഗ്നിപര്‍വതപ്രവര്‍ത്തനങ്ങളാല്‍ രൂപപ്പെട്ടതിനേക്കാളുപരി തീരപ്രദേശം ഉണ്ടായിരുന്നതിന്റെ സാധ്യതകളാണ് വെളിവാകുന്നതെന്നും ഗവേഷകര്‍ സൂചിപ്പിച്ചു.
നേരത്തെ നാസയുടെ ഇന്‍സൈറ്റ് ലാന്റര്‍ ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്തിരിന്നാലും സുറോങ് റോവറിന്റെ കണ്ടെത്തല്‍ ബഹിരാകാശപര്യവേഷണമേഖലയില്‍ ചൈനയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്നതില്‍ സംശയമില്ല.