Share this Article
image
ആദിത്യ എല്‍ 1 ഹാലോ ഓര്‍ബിറ്റില്‍ ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി

Aditya completed its first rotation in L1 halo orbit

സൂര്യനെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ വിക്ഷേപിച്ച ആദ്യ നിരീക്ഷണ പേടകമായ ആദിത്യ എല്‍ 1 അതിന്റെ ഹാലോ ഓര്‍ബിറ്റില്‍ ആദി ഭ്രമണം പൂര്‍ത്തിയാക്കി.ജനുവരി ആറിനാണ് ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ ആദിത്യ എല്‍ 1 ഭ്രമണം ആരംഭിച്ചത്.178 ദിവസമെടുത്താണ് ഭ്രമണം പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി 57 റോക്കറ്റില്‍ വിക്ഷേപിച്ച ആദിത്യ എല്‍ 1 ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ എത്തിയത്.ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണം തുല്യമായിരിക്കുന്ന ഒന്നാം ലഗ്രാഞ്ച് പോയിന്റിലാണ് പേടകത്തിന്റെ ഭ്രമണം.

125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലഗ്രാഞ്ച് പോയിന്റില്‍ പേടകമെത്തിയത്.സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാവുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചുവര്‍ഷം നീളുന്ന ദൗത്യത്തിലെ പ്രധാന ലക്ഷ്യം.

സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും പഠിക്കും. സൗര വികിരണങ്ങള്‍ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍, സൂര്യന്റെ ഉപരിതലം,കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയങ്ങള്‍ ,15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാക്കും.അമേരിക്കയുടെ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയര്‍റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുമാണ് ലോകത്ത് ഐഎസ്ആര്‍ഒയെ കൂടാതെ സൗര ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article