ബുദ്ധന്‍ ചിരിച്ചിട്ട് അന്‍പത് വര്‍ഷം.അരനൂറ്റാണ്ടിനപ്പുറം ഒരു മെയ് 18 നാണ് രാജസ്ഥാനിലെ പൊഖ്‌റാനില്‍ വിജയകരമായി ആദ്യ പരീക്ഷണം നടത്തിക്കൊണ്ട് ഇന്ത്യയും ആണവശക്തികളുടെ പട്ടികയില്‍ അംഗത്വമെടുക്കുന്നത്.
1974 മെയ് 18 ന് രാജ്യം ബുദ്ധപൂര്‍ണ്ണിമ ആഘോഷിക്കാനൊരുങ്ങുകയായിരുന്നു.രാവിലെ 8 മണി കഴിഞ്ഞ് 5 നിമിഷങ്ങള്‍ക്കകം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ രാജാ രാമണ്ണയില്‍ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഒരു സന്ദേശമെത്തി.ഒടുവില്‍ ബുദ്ധന്‍ പുഞ്ചിരിച്ചു.
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നല്‍കിയ കോഡ് നാമമായിരുന്നു പുഞ്ചിരിക്കുന്ന ബുദ്ധന്‍ അഥവാ സമൈലിംഗ് ബുദ്ധ.ചരിത്രപരമായ ആ പരീക്ഷണം വിജയകരമായെന്നറിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നു അത്.
ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങളല്ലാതെ മറ്റൊരു രാജ്യം സ്വന്തം നിലയില്‍ അണുപരീക്ഷണം നടത്തുന്നത് അതാദ്യമായിരുന്നു.ആദ്യപരീക്ഷണം തന്നെ വിജയം കണ്ടു എന്നത് മറ്റൊരു നേട്ടം.രാജസ്ഥാനിലെ ജയ്‌സാല്‍മൈര്‍ ജില്ലയിലെ ഇന്ത്യന്‍ ആര്‍മി ബേസായ പൊഖ്രാന്‍ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.
8 കിലോടണ്‍ ആയിരുന്നു പരീക്ഷണം നടത്താനുപയോഗിച്ച ബോംബിന്റെ പ്രഹരശേഷി.പൊഖ്രാനിലെ ചെറു ചലനങ്ങള്‍ പോലും അമേരിക്കയും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിക്കാന്‍ തുടങ്ങിയത് അന്നു മുതലാണ്.ചാരക്കണ്ണുകളെ വെട്ടി 1998 ല്‍ പൊഖ്രാനില്‍ തന്നെ രണ്ടാം അണു പരീക്ഷണവും നടത്താന്‍ ഇന്ത്യയ്ക്കായി എന്നത് മറ്റൊരു വസ്തുത.
ആണവായുധങ്ങളുടെയും പരീക്ഷണങ്ങളുടെയും ധാര്‍മികത വലിയ സംവാദവിഷയമായി നിലകൊള്ളുമ്പോഴും മൂന്നാം ലോകരാജ്യമെന്ന നിലയില്‍ നിന്നുകൊണ്ട് ഇന്ത്യ കൈവരിച്ച അഭൂതപൂര്‍വ്വമായ ശാസ്ത്ര വളര്‍ച്ചയിലെ നാഴികകക്കല്ലായി ചിരിക്കുന്ന ബുദ്ധനെ ചരിത്രം അടയാളപ്പെടുത്തുന്നു.