രാജ്യം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്.
ടാപ് ആന്‍ഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്. യുപിഐ ഉപയോഗിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ പേയ്മെന്റിന് ടാപ് ആന്‍ഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജനുവരി 31 മുതലാവും ടാപ് ആന്‍ഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.
സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ യുപിഐ ടാപ് ആന്‍ഡ് പേ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു.ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ടാപ് ആന്‍ഡ് പേ ഉപയോഗിക്കാം. സ്‌കാന്‍ ആന്‍ഡ് പേ, പേ ടു കോണ്‍ടാക്ട് ഓപ്ഷനുകള്‍ക്ക് സമാനമാണ് ടാപ് ആന്‍ഡ് പേയും. ഇതുവഴി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാതെ പണം അയക്കേണ്ടയാളുടെ ഡിവൈസുമായി ടാപ് ചെയ്ത് പണം കൈമാറാന്‍ സാധിക്കും. നിലവില്‍ ഭീം ആപ്പിലും പേടിഎമ്മിലും ലിമിറ്റഡ് യൂസേഴ്‌സിന് ഈ സേവനം ലഭ്യമാവും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. ടാപ് ആന്‍ഡ് പേ സംവിധാനത്തിനൊപ്പം പ്രാബല്യത്തില്‍ വരുന്ന മറ്റൊരു യുപിഐ സേവനമാണ് ഹലോ യുപിഐ. വോയ്സ് കമാന്‍ഡ് വഴി പണം അയക്കാനുള്ള സംവിധാനമാണ് ഹലോ യുപിഐ. എല്ലാ സ്മാര്‍ട്ട് ഫോണിലും ഫീച്ചര്‍ ഫോണിലും ഈ സേവനം ലഭ്യമാകും. ഇതുകൂടാതെ മറ്റ് നിരവധി മാറ്റങ്ങളുമായാവും ഈ പുതുവര്‍ഷത്തില്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുക.