Share this Article
image
20,000,000,000,000,000,000,000,000,000,000,000 ഡോളര്‍; ഇതാണ് അടയ്‌ക്കേണ്ട പിഴത്തുക; ചാനലുകൾ യൂട്യൂബ് തടഞ്ഞതാണ് കാരണം; കണ്ണ് തള്ളി ഗൂഗിള്‍
വെബ് ടീം
posted on 01-11-2024
1 min read
fines-google-20-decillion

ലോകത്ത് വിവിധ തരം പിഴത്തുക ചുമത്തിയത് കണ്ടിട്ടുണ്ട്. ഇത് പക്ഷെ വായിച്ചാൽ കണ്ണ് തള്ളി പോകുന്ന അസാധാരണ പിഴത്തുകയാണ്. ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന് ആണ് അമ്പരക്കുന്ന പിഴ കിട്ടിയത്. 20 ഡെസില്യണ്‍ (രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍) ഡോളറാണ് പിഴത്തുക.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും ആദ്യമായാണ് കേള്‍ക്കുന്നത് പോലും.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകള്‍ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാല്‍ ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ തുക.

നേരത്തെയും റഷ്യ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങള്‍ തടയുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയില്‍ റഷ്യ ഗൂഗിളിന് 21.1 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരേ കേസുകള്‍ നിലവിലുണ്ട്.

കോടതിയുടെ ഉത്തരവ് ഒരു പ്രതീകാത്മക നടപടിയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഈ വിഷയം ഗൂഗിള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ ചാനലുകളെ വിലക്കുന്നത് നിര്‍ത്തണമെന്നും പെസ്‌കോവ് വ്യക്തമാക്കി. തനിക്ക് ഈ തുക പറയാന്‍ കഴിയുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു. അതേസമയം ഈ പിഴയെ കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories