Share this Article
image
വിവാദ ഫീച്ചര്‍ ഓഫ് ആക്കി റിയല്‍മി, പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എത്തി
വെബ് ടീം
posted on 20-06-2023
1 min read
realme new software update to disable enhanced intelligent service

ടെക്നോളജി മേഖലയിൽ ഡാറ്റ ചോർത്തുന്നുവെന്ന ആരോപണം പല വിദേശ സ്മാർട്ട് ഫോൺ കമ്പനികൾക്കെതിരെയും വരാറുണ്ട്. എന്നാൽ പലതും  ഉപഭോക്താക്കളുടെ അനുവാദം തന്ത്രപരമായി വാങ്ങിയാണ് ചെയ്യുന്നതെന്ന് പലരും അറിയാറില്ല.അടുത്ത ദിവസങ്ങളിൽ റിയൽമീക്കെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നു വരികയുണ്ടായി. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്ന 'എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്' എന്ന സംവിധാനം ഡിഫോള്‍ട്ട് ആയി ഓഫ് ആക്കുന്ന അപ്‌ഡേറ്റ് ആണിത്. ഉപഭോക്താവ് ഓണ്‍ ആക്കാതെ ഈ ഫീച്ചര്‍ ഇനി പ്രവര്‍ത്തിക്കില്ല. 

റിയല്‍മി 11 പ്രോ, റിയല്‍മി 11 പ്രോ പ്ലസ് തുടങ്ങിയ ഫോണുകളില്‍ ഈ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. ഇത് കൂടാതെ കോള്‍ ലോഗുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ ഇനി ശേഖരിക്കില്ലെന്നും പുതിയ അപ്‌ഡേറ്റില്‍ കമ്പനി വ്യക്തമാക്കുന്നു. 

ഋഷി ബാംഗ്രേ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റാണ് വൈറലായത്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ റിയല്‍മി ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളും, എസ്എംഎസ്, കോള്‍ ലോഗ് ഉള്‍പ്പടെയുള്ള വിവരങ്ങളും ശേഖരിക്കുന്നുവെന്നായിരുന്നു ആരോപണം. ഇത് ഡിഫോള്‍ട്ട് ആയി ഓണ്‍ ആണ് എന്നതാണ് ഇതിലെ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താവ് ഇങ്ങനെ ഒരു ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നില്ല. 

ശേഖരിക്കുന്ന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഫോണില്‍ തന്നെയാണ് സൂക്ഷിക്കുന്നത് എന്നും ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് അവ ഉപയോഗിക്കുന്നത് എന്നുമായിരുന്നു റിയല്‍മിയുടെ പ്രതികരണം. 

റിയല്‍മിയുടെ മാതൃസ്ഥാപനമായ ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ വണ്‍പ്ലസ്, ഓപ്പോ ഫോണുകളിലും ഇതേ എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories