സോഷ്യൽ മീഡിയ മെസ്സേജിങ് ആപ്പുകൾ അടിക്കടി അപ്ഡേറ്റുകൾ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാക്കാറുണ്ട്. ഇത്തവണ വാട്സാപ്പ് ഒരു പുതുപുത്തൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവർ കാണാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് ഇനി വാട്‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാട്സാപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെൻഷൻ ഓപ്ഷനും ഏറെ ഹിറ്റായതാണ്. അപ്ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.
ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല. വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ വ്യക്തതയില്ല.