നിങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരാണോ? എങ്കില്‍ യുപിഐ സംവിധാനത്തില്‍ ചില മാറ്റങ്ങളുണ്ട്. പുതുവര്‍ഷം പുതിയ മാറ്റങ്ങളിലൂടെ ഈസിയായി നിങ്ങള്‍ക്ക് പണമിടപാട് നടത്താം.രാജ്യത്ത് ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. ബാങ്കില്‍ പോയോ എടിഎമ്മില്‍ പോയോ പണം ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ക്ക് ഇന്ന് സമയമില്ല. ഈസിയായി ഇത് സാധിച്ചുതരാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും നിരവധിയാണ്.
ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഏതു സമയത്തും എവിടെനിന്നും എന്തും വാങ്ങാനും ആളുകള്‍ക്ക് പണമയയ്ക്കാനും വിവിധ യുപിഐ ആപ്പുകള്‍ സഹായിക്കുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങി ആപ്പുകള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. യുപിഐ ഇടപാടുകളുടെ ചുമതലയുള്ള നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മികച്ച രീതിയിലും സുരക്ഷിതമായും യുപിഐ ഇടപാടാണ് ലക്ഷ്യം. നിഷ്‌ക്രിയ യുപിഐ ഐഡികള്‍ നിര്‍ത്തലാക്കുക, യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തുക, ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുക, യുപിഐ ഇടപാടുകളുടെ സമയപരിധി വര്‍ധിപ്പിക്കുക, പുതിയ യുപിഐ ഫീച്ചറുകള്‍ കൊണ്ടുവരിക, യുപിഐ എടിഎമ്മുകള്‍ വ്യാപകമാക്കുക തുടങ്ങി ഒട്ടേറെ മാറ്റങ്ങളാണ് എത്തുന്നത്.
12 മാസത്തിലേറെയായി യാതൊരു ഇടപാടും നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ ആപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുപിഐ ഇടപാട് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മുമ്പ് ഇടപാടുകള്‍ നടത്താത്ത ഒരു അക്കൗണ്ടിലേയ്ക്ക് 2,000 രൂപയില്‍ കൂടുതലുള്ള പേയ്‌മെന്റിന് നാല് മണിക്കൂര്‍ സമയ പരിധി ഉണ്ടാകും. പണം അയച്ച് 4 മണിക്കൂറിനു ശേഷം മാത്രമേ പണം മറ്റേ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകൂ എന്നര്‍ത്ഥം. 2,000 രൂപയില്‍ കൂടുതലുള്ള പ്രത്യേക മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്കും, ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ക്കും 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ബാധകമായി തുടരും. യുപിഐ ഉപയോക്താക്കള്‍ക്കായി ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.