മനുഷ്യശരീരത്തിലെ താപനിലയെ വൈദ്യുതിയാക്കിമാറ്റുന്ന സാങ്കേതികവിദ്യയുമായി ഒരുപറ്റം ഇന്ത്യന്‍ ഗവേഷകര്‍. ഹിമാചല്‍ ഐഐടിയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റേതാണ് വിപ്ലവകരമായ ഈ ആശയം.
പുനരുല്‍പ്പാദിത ഊര്‍ജരംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ ഐഐടി ഗവേഷകര്‍. പ്രൊജക്ട് മേധാവിയായ അജയ് സോണിയാണ് പ്രൊജക്ടിന്റെ അന്തിമഘട്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്ത് വിട്ടത്. ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് അതിനെ വൈദ്യുതിയാക്കാന്‍ സാധിക്കുന്ന ഫ്‌ലെക്‌സിബിള്‍ തെര്‍മോഇലക്ട്രിക് ജനറേറ്ററും അതെടുത്ത് മനുഷ്യസ്പര്‍ശത്തിനനുസരിച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തെര്‍മോഇലക്ട്രിക് ഇഫക്റ്റുകളുള്ള ഹ്യൂമന്‍ ടച്ച് സെന്‍സറുമാണ് പ്രധാനഘടകങ്ങള്‍.
മനുഷ്യ സ്പര്‍ശനത്തിലൂടെ മാത്രമേ ഉപകരണം ചാര്‍ജ് ചെയ്യാന്‍ പറ്റുകയുള്ളുവെന്നും കൂടാതെ ഏത് ഇലക്ട്രോണിക് ഗാഡ്ജെറ്റും ചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയുമെന്നും സംഘം പറയുന്നു. മനുഷ്യ ശരീരത്തിന്റെ ചൂട് കൊണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടുന്നതിനായി വികസിപ്പിച്ചിട്ടുത്ത തെര്‍മോ ഇലക്ട്രിക് മൊഡ്യൂള്‍ ആണ് ഈ വേറിട്ട പ്രൊജക്ടിന്റെ കാതല്‍ എന്ന് കണ്ടെത്തലിനെക്കുറിച്ച് ഡോ. സോണി പറഞ്ഞു. എന്തായാലും ഒരു കാര്യം ഉറപ്പ്, പദ്ധതി പൂര്‍ണ്ണതയിലെക്കെത്തുമ്പോള്‍ ഈ ഗവേഷകരെ കാത്തിരിക്കുന്നത് വാണിജ്യസാധ്യതകളുടെ ഒരു വലിയ ലോകമാണ്.