പണിമുടക്കിയ മെറ്റ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ആപ്പുകള്‍ തിരിച്ചു വന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകള്‍ തിരിച്ചു വന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്‌വേര്‍ഡുകളാണ് നല്‍കുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിച്ച മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല.
മെസഞ്ചര്‍,ത്രെഡ് എന്നിവയും പ്രവര്‍ത്തന രഹിതമായിരുന്നു.സെര്‍വര്‍ തകരാറാകാം പ്രവര്‍ത്തനം നിലക്കാന്‍ കാരണം എന്നാണ് നിഗമനം ഉണ്ടായത്. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.
പ്രവര്‍ത്തനം നിലച്ച് അല്‍പ സമയത്തിന് ശേഷം മെറ്റ വിശദീകരണവുമായി എത്തി. പ്രശ്ന പരിഹരത്തിനായി കമ്പനി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വക്താവ് എക്‌സില്‍ പ്രതികരിച്ചു.'ഞങ്ങളുടെ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ ആളുകള്‍ക്ക് പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.ഞങ്ങള്‍ ഇപ്പോള്‍ അത് പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്' മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
അതേ സമയം ഹാഷ് ഫേസ്ബുക്ക്,ഹാഷ് ഇന്‍സ്റ്റഗ്രാം എന്ന് എക്‌സില്‍ ട്രെന്റിംഗ് ആകുന്നുണ്ട്. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് വന്നത്. നിരവധി ട്രോളുകളും വരുന്നുണ്ട്.