Share this Article
image
ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍ മാപ്പ്
Google Maps has introduced a new feature for its users

യാത്ര എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിള്‍ മാപ്പ്. കഴിഞ്ഞ കുറേകാലങ്ങളിലായി, വളരെയധികം ഫീച്ചറുകള്‍ ഈ ആപ്പില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്താല്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല.

കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ലാസ് വെഗാസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിലെ കഫേകള്‍, ഓഫീസുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുകയും ഏറെക്കുറെ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചെറിയ കെട്ടിടങ്ങള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗപ്രദമാകില്ലെങ്കിലും മാളോ അല്ലെങ്കില്‍ ആശുപത്രി പോലുള്ള വലിയ സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ ഫീച്ചര്‍ വളരെയേറെ സൗകര്യപ്രദമാണെന്നും പറയുന്നു. ഫീച്ചര്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഇനിയും മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article