Share this Article
image
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആപ്പിള്‍; അജ്ഞാതമായ ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുതെന്നും നിർദേശം
വെബ് ടീം
posted on 11-04-2024
1 min read
apple-warns-about-possible-mercenary-spyware-attack

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ സ്‌പൈവെയര്‍ മുന്നറിയിപ്പുമായി ആപ്പിള്‍. 92 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് കഴിഞ്ഞ രാത്രി ആപ്പിള്‍ മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വലിയ ചിലവുവരുന്നതും, അതി സങ്കീർണമായും മായ ‌സ്പൈവെയർ ആക്രമണങ്ങളെയാണ് മേഴ്സിനറി സ്പൈവെയർ എന്ന് വിളിക്കുന്നത്. പെഗാസസ് അതിന് ഒരു ഉദാഹരണമാണ്. വലിയ ചെലവ് വരുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശക്തമായ അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകാമെന്ന സൂചനയും ആപ്പിള്‍ നല്‍കി. എന്നാൽ പുതിയ സൈബറാക്രമണത്തിന് പിന്നിൽ ഏതെങ്കിലും ഒരു പ്രത്യേക സ്പൈ വെയറിന്റെ പേര് ആപ്പിൾ എടുത്ത് പറഞ്ഞിട്ടില്ല.

സാധാരണ സൈബര്‍ കുറ്റവാളികളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നുമുള്ള ആക്രമണങ്ങളേക്കാള്‍ സങ്കീര്‍ണമാണ് മെഴ്‌സിനറി സ്‌പൈവെയര്‍ പോലുള്ളവ ഉപയോഗിച്ചുള്ള ആക്രമണം എന്ന് ആപ്പിള്‍ പറയുന്നു. ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്‌സിനറി സ്‌പൈവെയറിന്റെ സഹായത്തോടെ സാധിക്കും. നിങ്ങള്‍ ആരാണ്, എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സ്‌പൈവെയര്‍ ആക്രമണം ലക്ഷ്യമിടുന്നതെന്നും ആപ്പിള്‍ പറഞ്ഞു.

ഒരു ചെറിയ വിഭാഗം വ്യക്തികള്‍ക്കും ഉപകരണങ്ങള്‍ക്കും എതിരെ വലിയ രീതിയിലുള്ള ശക്തമായ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് മെഴ്‌സിനറി സ്‌പൈവെയറിന് പിന്നിലുള്ളവര്‍ നടത്തുന്നത്. ഇതിന് വലിയ ചെലവ് വരും. വളരെ ചുരുങ്ങിയ സമയം മാത്രമേ ആക്രമണം നടക്കൂ. അതിനാല്‍ അവ കണ്ടെത്തി തടയുക പ്രയാസമാണ്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിഭാഗത്തെ ആക്രമണം ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.ഇത്രയും ചെലവുള്ള ആക്രമണങ്ങള്‍ സാധാരണ ഭരണകൂടങ്ങളുടേയും ഏജന്‍സികളുടെയും പിന്തുണയിലാണ് നടക്കാറുള്ളത്. പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍ എന്നിവരെയാണ് സാധാരണ ലക്ഷ്യമിടാറുള്ളതെന്നും എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ ഉദാഹരണമാക്കി ആപ്പിള്‍ പറഞ്ഞു.

മെഴ്‌സിനറി ആക്രമണങ്ങള്‍ പോലുള്ളവ കണ്ടെത്താന്‍ ആപ്പിള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയെല്ലാം പൂര്‍ണമായും വിജയം കാണണമെന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. മുമ്പ് 2021-ല്‍ പെഗാസസ് എന്ന നിരീക്ഷണ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ആപ്പിള്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 150 വ്യത്യസ്ത രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കളെയാണ് പെഗാസസ് ബാധിച്ചുവെന്നാണ് ആപ്പിള്‍ വെളിപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories