ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാന്‍ഡര്‍. ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയ ചിത്രം ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേസ് എക്‌സില്‍ പങ്കുവെച്ചു.
2025 ജനുവരി 15നാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ലാന്‍ഡര്‍ വിക്ഷേപിച്ചത്. മാര്‍ച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. അവിടെ 16 ദിവസം ചന്ദ്ര ഭ്രമണപഥത്തില്‍ അതിന്റെ പാത മെച്ചപ്പെടുത്തി.ചന്ദ്രന്റെ ഉള്‍ഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാന്‍ഡര്‍ പഠിക്കും. ഇത് ശാസ്ത്രജ്ഞര്‍ക്ക് ചന്ദ്രന്റെ താപ പരിണാമത്തെ മനസിലാക്കാന്‍ സഹായിക്കും.
ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ ഗവേഷകര്‍ക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും അറിയാന്‍ സാധിക്കും. പേടകം വിജയകരമായി ചന്ദ്രനില്‍ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയര്‍ഫ്‌ലൈ. 2024 ഫെബ്രുവരിയില്‍ അമേരിക്കന്‍ എയ്‌റോസ്‌പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സും പേടകം ചന്ദ്രനിലിറക്കിയിരുന്നു.