ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടല്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഗൂഗിള്‍ അതിന്റെ ഹാര്‍ഡ്വെയര്‍, വോയ്സ് അസിസ്റ്റന്‍സ്, എഞ്ചിനീയറിംഗ് ടീമുകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടത്.
വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നല്‍കിയിട്ടുണ്ട്.
ആറു ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് ഒരു വര്‍ഷം മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു.ലോകത്തിലെ വിവിധ വന്‍കിട ടെക് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 20,000 പേരെയാണ് ഒഴിവാക്കിയത്.ഈയാഴ്ച ആമസോണ്‍ പ്രൈം വിഡിയോ, സ്റ്റുഡിയോ യൂനിറ്റുകളിലെ നൂറുകണക്കിന് ജോലിക്കാരെ ഒഴിവാക്കി. ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമായ ട്വിച്ചില്‍ നിന്ന് 500 ജീവനക്കാരെ ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.