ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ജാപ്പനീസ് പേടകം. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ അതവാ സ്ലിം പേടകമാണ് അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യസ്ഥാനത്തിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ വിജയകരമായി ഇറങ്ങി ജപ്പാന്റെ സ്ലിം പേടകം. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ടം സ്വന്തമാക്കി ജപ്പാന്‍. അതേസമയം ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ അന്തിമ സ്ഥിരീകരണത്തിന് പേടകത്തില്‍ നിന്നുള്ള സിഗ്‌നലിനായി കാത്തിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. 2023 ഓഗസ്റ്റ് 23-ന് ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിരുന്നു.
യു.എസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത.് മൂണ്‍ സ്നൈപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ ലാന്‍ഡര്‍ ചന്ദ്രന്റെ മധ്യരേഖയ്ക്ക് തൊട്ട് തെക്കുഭാഗത്തായുള്ള ഷിയോലി ഗര്‍ത്തത്തിന്റെ ചെരിവിലായാണ് ഇറങ്ങിയത്. പിന്‍പോയിന്റ് ടെക്നോളജി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചണ് ലാന്‍ഡിങ് നടത്തിയത്. രണ്ട് ഛിന്നഗ്രഹങ്ങളില്‍ നേരത്തേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജപ്പാന്‍ പേടകങ്ങള്‍ ഇറക്കിയിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യം ഉള്‍പ്പെടെയുള്ള ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ജപ്പാന്റെ പിന്‍പോയിന്റ് ടെക്നോളജി. 2023 സെപ്റ്റംബര്‍ ഏഴിന് ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററില്‍ നിന്നാണ് സ്ലിം ദൗത്യം വിക്ഷേപിച്ചത്. ഡിസംബര്‍ 25-ന് പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. എച്ച്-ഐ.ഐ.എ റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തെത്തിച്ചത്.