ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ ഒരു അതിരടയാളം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനിലെ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തുന്നതിനായി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചെറു ഉപകരണത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി.
ലാന്‍ഡറില്‍ അമേരിക്കന്‍ ബഹിരാകാസ ഏജന്‍സിയായ നാസയുടെ പരീക്ഷണ ഉപകരണമായ ലേസര്‍ റിട്രോഫ്‌ലക്ടര്‍ അറേ സിഗ്നലുകള്‍, നാസയുടെ ചാന്ദ്ര ദൗത്യ പേടകമായ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററിന് ലഭിച്ചിരുന്നു.വിക്രം ലാന്‍ഡര്‍ സ്ഥിതിചെയ്യുന്ന ഇടത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കവെ ഡിസംബര്‍ 12 നാണ് നാസയുടെ പേടകത്തിന് എല്‍ ആര്‍ എ സിഗ്നലുകള്‍ ലഭിച്ചത്.രണ്ടിഞ്ച് മാത്രം വലിപ്പമുള്ള ഉപകരണത്തിന് ഏത് ദിശയില്‍ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും.
20 ഗ്രാം ആണ് എല്‍ ആര്‍ എയുടെ ഭാരം.കഴിഞ്ഞ ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദുവായി ഇറങ്ങിയ ആദ്യ പേടകമാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍.ഒരു ചാന്ദ്രദിനം നീണ്ട പര്യവേഷണ ദൗത്യം പൂര്‍ത്തിയാക്കിയ ലാന്‍ഡറും റോവറും അടുത്ത ചാന്ദ്രദിനത്തില്‍ ഉണരാതായതോടെ ഐഎസ്ആര്‍ഒ പിന്നീടുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു.ലാന്‍ഡറിന്റെ എല്‍ആര്‍എ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവി ദൗത്യങ്ങളില്‍ ലാന്‍ഡര്‍ കിടക്കുന്ന സ്ഥലത്തുനിന്ന് നിശ്ചിത അകലവും ദിശയും കണക്കാക്കി ദക്ഷിണ ധ്രുവത്തില്‍ പേടകങ്ങള്‍ ഇറക്കാന്‍ സാധിക്കും.