ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് ആപ്പിൾ അവതരിപ്പിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളു. ഇപ്പോൾ ആപ്പിള്‍ വിഷന്‍ പ്രോയുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. ആളുകള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് ധരിച്ച് തെരുവുകളിലൂടെ നടന്നു നീങ്ങുന്നതും, പൊതു സ്ഥലങ്ങളില്‍ ഇരുന്ന് ആംഗ്യങ്ങളിലൂടെ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. ആപ്പിള്‍ വിഷന്‍ പ്രോയെ പോലുള്ള ഉപകരണം പൊതുസ്ഥലങ്ങളില്‍ ഈരീതിയില്‍ ഉപയോഗിക്കപ്പെടുന്നത് ഇത് ആദ്യമാണ്.
യൂട്യൂബറായ കാസി നെയ്‌സ്റ്റാറ്റ് പങ്കുവെച്ച വീഡിയോ ആണിത്. ഹെഡ്‌സെറ്റ് ധരിച്ച് സ്‌കേറ്റ് ബോര്‍ഡിങ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാം. സാധാരണ വിആര്‍ ഹെഡ്‌സെറ്റില്‍ നിന്ന് വ്യത്യസ്തമായി വിഷന്‍ പ്രോ ഹെഡ്‌സെറ്റ് ധരിച്ചാല്‍ പുറത്തുള്ള കാഴ്ചകള്‍ തടസമില്ലാതെ കാണാനാവും. ഇതിനായി വിവിധ ക്യാമറകള്‍ ഹെഡ്‌സെറ്റിലുണ്ട്.
സാധാരണ ലാപ്‌ടോപ്പ് ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ കാണാറുണ്ട്. ഇതിന് പകരമാവുകയാണ് വിഷന്‍ പ്രോ ഹെഡ്‌സെറ്റ്. ഇതിലെ ഡിജിറ്റല്‍ കീബോര്‍ഡ് വിരലുകളുടെ ചലനത്തിലൂടെ ഉപയോഗിക്കാനാവും.
വിഷന്‍ പ്രോ ധരിച്ച് റോഡ് മുറിച്ച് കടക്കുന്ന ഒരാളെ കാണാം. ഇയാള്‍ കൈയ്യും വിരലുകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും ഇതില്‍ കാണാം. നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജോലി ചെയ്യുകയാണയാള്‍.
വിഷന്‍ പ്രോ ധരിച്ച് ടെസ് ല ഓടിക്കുന്ന വീഡിയോയും ഒരാള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വിഷന്‍ പ്രോ ധരിച്ച സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഈ ദൃശ്യത്തില്‍. ഒരേ സമയം അടുത്തുള്ള വ്യക്തികളുമായും ഒപ്പം ഡിജിറ്റല്‍ ലോകവുമായും ബന്ധം നിലനിര്‍ത്താന്‍ ഇയാള്‍ക്ക് സാധിക്കുന്നു.