സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏതൊരാവശ്യത്തിനും ജിമെയില്‍ ഇല്ലാതെ പറ്റില്ല.എന്നാല്‍ ജിമെയിലിന് ഒരു ബദല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടെക് രംഗത്തെ ഭീമനായ ഇലോണ്‍ മസ്‌ക്.എക്‌സ് മെയില്‍ എന്നാണ് പുതുതായി വികസിപ്പിക്കുന്ന ഇ-മെയില്‍ സര്‍വീസിന് മസ്‌ക് പേരു നല്‍കിയിരിക്കുന്നത്.
ജി മെയില്‍ സേവനം നിര്‍ത്താന്‍ പോകുകയാണെന്ന ആഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് എക്‌സിനു കീഴില്‍ പുതിയൊരു ഇ-മെയില്‍ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് സിഇഒ ആയ ഇലോണ്‍ മസ്‌കിന്റെ കടന്നു വരവ്.
എക്‌സിനെ ഒരു എവരിതിങ്ങ് ആപ്പ് ആക്കി മാറ്റുമെന്ന് മസ്‌ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പുതിയ ഇ-മെയില്‍ സംവിധാനം അതിന്റെ ഭാഗമാണെന്നു വേണം കരുതാന്‍.എക്‌സിന്റെ സുരക്ഷാ എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ ഒരു മുതിര്‍ന്ന അംഗം എക്‌സ് മെയിലിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച ട്വീറ്റിനു മറുപടിയായാണ് മസ്‌ക് എക്‌സ് മെയില്‍ വരുന്നു എന്ന കാര്യം സ്ഥിരീകരിച്ചത്.
ഗൂഗിളിന്റെ ജിമെയിലിനെക്കാള്‍ മികച്ച സവിശേഷതകള്‍ എക്‌സ് മെയിലിനുണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം.ജിമെയിലിനെക്കാള്‍ സുരക്ഷിതമായതും അനാവശ്യ മെയിലുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതുമായ സംവിധാനമായിരിക്കും എക്‌സ്‌മെയില്‍ .
എഐ ഉപയോഗിച്ചു കൊണ്ട് വോയ്‌സ് ടൂ മെയില്‍ ട്രാന്‍സ്‌ക്രിപ്ഷനും ഓരോ വ്യക്തിയുടെയും ഇഷ്ടാനുസരണം തങ്ങളുടെ അക്കൗണ്ടുകള്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരവും എക്‌സ് മെയില്‍ നല്‍കും.ഗൂഗിളും മസ്‌കും തമ്മില്‍ ഇ-മെയില്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടക്കുമ്പോള്‍,സ്വകാര്യത, സുരക്ഷ, മറ്റ് മസ്‌ക് സംരംഭങ്ങളുമായുള്ള സംയോജന സാധ്യത എന്നിവ എക്‌സ് മെയിലിന് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.