തട്ടിപ്പുകള്‍ കുറക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള നിലവിലെ നിയമത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മാറ്റം വന്ന നിയമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രായ് അറിയിച്ചു.
നിലവിലെ സേവനദാതാക്കളില്‍ ഉപഭോക്താക്കള്‍ സംതൃപ്തരല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറ്റാതെ സേവനദാതാക്കളെ മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് സിം പോര്‍ട്ടിംഗ്. കഴിഞ്ഞയാഴ്ചയാണ് സിം പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പുറത്തു വിടുന്നത്.
പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ചട്ടപ്രകാരം ഒരു പുതിയ സിം പോര്‍ട്ട് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയാല്‍ 7 ദിവസത്തിന് ശേഷമേ പുതിയ ദാതാവിന്റെ സിം ഉപയോഗിക്കാന്‍ സാധിക്കൂ. സിം പോര്‍ട്ടിംഗ് സംവിധാനത്തെ മുതലെടുത്ത് ധാരാളം തട്ടിപ്പുകള്‍ മേഖലയില്‍ നടക്കുന്നുണ്ട്.
ഇത്തരം തട്ടിപ്പുകള്‍ കുറക്കുക എന്നതാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്‍ുവരുന്നതിലൂടെ ട്രായ് ലക്ഷ്യം വെക്കുന്നത്. അതുപോലെ സിം പോര്‍ട്ട് ചെയ്യുമ്പോള്‍ ആവശ്യമായ യുണീക് പോര്‍ട്ടിംഗ് കോഡ് നിരസിക്കാനും പുതിയ ഭേദഗതി പ്രകാരം സേവനദാതാക്കള്‍ക്ക് സാധിക്കും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമം വന്നതിന്‌ശേഷം ഒന്‍പതാം തവണയാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്.