ഇന്ത്യയുടെ സ്‌പേഡെക്‌സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ് നീളുന്നത്. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും തമ്മിലുളള അകലം വീണ്ടും കൂട്ടി. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ഇന്ന് അവസാനഘട്ടത്തിലെത്തിയിരുന്നു.
ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുളള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി.ഡോക്കിങിന്‍റെ ട്രയൽ നടത്തി നോക്കിയെന്നും വിവരങ്ങള്‍ ഒന്ന് കൂടി പഠിച്ചശേഷം അടുത്ത നീക്കമുണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
സ്‌പേഡെക്‌സ് ഡോക്കിംഗ് ദൗത്യം വിജയിപ്പിച്ച് ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി നേടാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ ഇതുവരെ വിജയിപ്പിച്ചിട്ടുള്ളൂ.