ഇന്ത്യയുടെ സ്‌പേഡെക്‌സ് ദൗത്യം അവസാനഘട്ടത്തിൽ.ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും ഇന്ന് കൂടിച്ചേരും.ഉപഗ്രഹങ്ങള്‍ തമ്മിലുളള അകലം 3 മീറ്ററെത്തി.ഇവ തമ്മിൽ ആശയ വിനിമയം നടത്തിതുടങ്ങിട്ടുണ്ട്.
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കൂടുതൽ കുറച്ച ശേഷമായിരിക്കും ഡോക്കിങ്ങിനുള്ള അന്തിമ കമാന്‍ഡുകള്‍ നല്‍കുക. സ്‌പേസ് ഡോക്കിങ് എന്നു വിളിക്കുന്ന ഈ കൂടിച്ചേരലിനുള്ള കമാന്‍ഡുകള്‍ ഇന്ന് രാവിലെ നല്‍കുമെന്നാണ് അനൗദ്യോഗിക വിവരം. കഴിഞ്ഞ 7നും പിന്നീട് 9നും ഡോക്കിങ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു.
സ്‌പേഡെക്‌സ് ഡോക്കിംഗ് ദൗത്യം വിജയിപ്പിച്ച് ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി നേടാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ ഇതുവരെ വിജയിപ്പിച്ചിട്ടുള്ളൂ.