Share this Article
ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണത്തിലൂടെ ചരിത്രനേട്ടവുമായി ISRO
1 min read
ISRO  centre Sriharikota

ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണത്തിലൂടെ ചരിത്രനേട്ടത്തോടൊപ്പം ഇന്ത്യ കരുത്തേകിയത് ഇന്ത്യയുടെ വിപ്ലവപദ്ധതിയ്ക്ക് കൂടിയാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോ എഞ്ചിന്റെ സഹായത്തോടെ ജി.എസ്.എല്‍.വി വാനം തൊടുമ്പോള്‍ വിജയത്തിളക്കത്തിന് ഇരട്ടിമധുരമാണ്. 

ചാന്ദ്രയാന്‍-3, ഗഗന്‍യാന്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കൊപ്പം രാജ്യം ഉറ്റുനോക്കുന്ന ദൗത്യം കൂടിയാണ് നാവിക്. അമേരിക്കയുടെ ജി.പി.എസ് അഥവാ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം പോലെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സംവിധാനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. എന്‍വിഎസ്-02 ഉപഗ്രഹത്തെ വഹിച്ച ജി.എസ്.എല്‍.വി എഫ് 15 പേടകവും ചില്ലറക്കാരനല്ലാ. ഇന്ത്യയുടെ കൈവശമുള്ള ബഹിരാകാശപേടകങ്ങളില്‍ ഏറ്റവും കരുത്തേറിയതും കാര്യക്ഷമതയുള്ള പേടകമാണ് ജിയോസിംക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ അഥവാ ജി.എസ്.എല്‍.വി.

മുന്‍ദൗത്യങ്ങളില്‍ ഇന്ത്യ ഉപയോഗിച്ച പേടകങ്ങള്‍ പി.എസ്.എല്‍.വി വിഭാഗത്തില്‍പ്പെട്ടവയാണ്. എന്നാല്‍ ഭാരമേറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ ഉള്ള കരുത്ത് പി.എസ്.എല്‍.വികള്‍ക്കില്ലാ. ഇവിടെയാണ് ജി.എസ്.എല്‍.വികള്‍ക്ക് പ്രാധാന്യം ഏറുന്നത്. വിക്ഷേപണങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്നത് ഉപഗ്രഹങ്ങളുടെ ഭാരം ആണ്. ഇത്തരത്തിലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരത്തിനനുപാതമായ ഇന്ധനം കൂടിയേ തീരൂ. കൂടുന്ന ഇന്ധനഭാരം ദൗത്യത്തേയും സാരമായി ബാധിക്കും.

എന്നാല്‍ ജി.എസ്.എല്‍.വിയുടെ ക്രയോ എഞ്ചിന്‍ സംവിധാനം ഇന്ധനഭാരം കുറക്കാനും ഒപ്പം പേടകത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടാനും സഹായിക്കുന്നു. നിലവില്‍ ക്രയോ എഞ്ചിനുകള്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിച്ചുവരുന്ന രാജ്യം കൂടിയാണ് ഇന്ത്യ. നാവിക് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ വിക്ഷേപണം കൂടിയാണ് ജി.എസ്.എല്‍.വി എഫ് 15 എന്‍വിഎസ്-02 വിക്ഷേപണം. നാവിക്കിന്റെ ആദ്യഘട്ടം നേരത്തെ പൂര്‍ത്തിയായിരുന്നു.

നിലവില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച നാവികിന്റെ സൗകര്യം വിപുലീകരിച്ച് ജി.പി.എസിനെ പൂര്‍ണമായും മാറ്റിസ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ണതയിലെത്തിയാല്‍ ഇന്ത്യയിലുടനീളവും രാജ്യത്തിന് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയിലും നാവികിന്റെ സേവനം ലഭ്യമാകും. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ളും കപ്പലുകളും വാണിജ്യ വാഹനങ്ങളും നാവിക് ഉപയോഗിച്ചുവരികയാണ്.

സര്‍വ്വസജ്ജമായാല്‍ രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിക്ഷേപണം നടന്നത് 2018ലാണ്. 7 സാറ്റ്‌ലൈറ്റ് കോണ്‍സ്റ്റലേഷന്‍ അഥവാ ഉപഗ്രഹസമൂഹത്തിന്റെ സഹായത്തോടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്ഥാനനിര്‍ണയ സംവിധാനം സാധ്യമാക്കുന്ന ദൗത്യം കൂടിയാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം അഥവാ നാവിക് പദ്ധതി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories