കോട്ടയം: ജില്ലയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന മിനി ലുലു മാളിന്റെ ഉദ്ഘാടനം 2024 മാര്‍ച്ചില്‍ നടത്തിയേക്കും.അതിവേഗം പുരോഗമിക്കുന്ന മിനി ലുലു മാളിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായാണ് കോട്ടയത്തെ മിനി ലുലു മാള്‍. ഇതിനോടൊപ്പം തന്നെ കോഴിക്കോട്ടെ വലിയ മാളിന്റെ നിര്‍മാണവും നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം 12 പുതിയ മാളുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പിന്റെ നീക്കം. യു എ ഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ കൂടി മാളുകള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം.
30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. 500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്...