തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പ-2 രാജ്യത്തുടനീളം പ്രദർശനം തുടരുകയാണ്. കളക്ഷൻ്റെ കാര്യത്തിൽ റെക്കോർഡ് ഇട്ട ചിത്രം അതിവേഗത്തിലാണ് 1000 കോടി കളക്ഷൻ നേടിയത്.
പുഷ്പ2 റിലീസ് ദിനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ കൊല്ലപ്പെടുകയും അല്ലുഅർജുനെ പൊലീസ് അറസ്റ്റ് ചെയ്തതും ഇതിനൊപ്പം തന്നെ വലിയ വാർത്തയായിരുന്നു. അല്ലുവിനെ നാമ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ജാമ്യത്തിൽ 4 ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്.
പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ 300 കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന പ്രചരണം. ഇന്ത്യയിലെ ഒരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇതെന്നും പ്രചരണമുണ്ട്.
നിലവിൽ 460 കോടി രൂപയാണ് അർജുൻ്റെ ആസ്തി. എന്നാൽ അർജുൻ്റെ ഭാര്യ അല്ലു സ്നേഹ റെഡ്ഡി ഒരു വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണയുമാണെന്ന് പലർക്കും അറിയില്ല. 2011ലാണ് അല്ലു അർജുനും സ്നേഹറെഡ്ഡിയും വിവാഹിതരായത്. കുടുംബത്തോടൊപ്പം കരിയറിലും സ്നേഹ ശ്രദ്ധപതിപ്പിക്കുന്നുണ്ട്.
പ്രമുഖ വ്യവസായി കാഞ്ചര്യ ചന്ദ്രശേഖര റെഡ്ഡിയുടെ മകളാണ് സ്നേഹ. ഹൈദരാബാദിലെ സയൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചെയർമാൻ കൂടിയാണ് ചന്ദ്രശേഖര റെഡ്ഡി.
ഹൈദരാബാദിലെ ഓക്രിഡ്ജ് ഇൻ്റർനാഷണൽ സ്‌കൂളിലാണ് സ്‌നേഹ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി.
അതിനുശേഷം അവർ അമേരിക്കയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സ്നേഹ പിതാവിനൊപ്പം ബിസിനസിൽ സഹായിയായി ചേർന്നു.
ഇതിന് ശേഷം 2016ൽ സ്‌നേഹ സ്വന്തം സംരംഭം തുടങ്ങി. സ്റ്റുഡിയോ പികാബൂ എന്ന പേരിൽ ഓൺലൈൻ ഫോട്ടോഗ്രാഫി സ്റ്റുഡിയോയാണ് സ്നേഹ സ്ഥാപിച്ചത്. ഇൻസ്റ്റാഗ്രാമിൽ 9 മില്യണിലധികം ഫോളോവേഴ്‌സുള്ള സ്നേഹയ്ക്ക് നിലവിൽ 42 കോടി രൂപയുടെ ആസ്തിയുണ്ട്.