ലോകത്തെ സ്വാധീനിക്കുന്ന രണ്ട് അതികായന്മാർ ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ആകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ‘കായ്’ എന്ന പേരുമായി ബന്ധപ്പെട്ടാണ്. ട്രംപിന്റെ ചെറുമകളുടെ പേര് കായ് ട്രംപ്, മസ്‌കിന്റെ ഒരു മകന്റെ പേര് കായ് മസ്‌ക്. എങ്ങനെ സംഭവിച്ചു ഈ അപ്രതീക്ഷിത നാമസാദൃശ്യം? എന്താണ് ഈ പേരിന് പിന്നിലെ മാന്ത്രികത? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് എന്താണെന്ന് നമുക്ക് നോക്കാം
ആരാണ് കായ് മസ്‌ക്?
ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലായി. ഇലോൺ മസ്‌ക് ഒരു കുട്ടിയോടൊപ്പം ഭക്ഷണം കഴിക്കുന്നു. ആരോ അടിക്കുറിപ്പിട്ടു, "മസ്‌കും മൂത്ത മകനും". പക്ഷേ, സാക്ഷാൽ മസ്‌ക് തന്നെ രംഗത്തെത്തി തിരുത്തി, "അത് എന്റെ മൂത്ത മകൻ ഗ്രിഫിനല്ല, കായ് ആണ്".
2006-ൽ മസ്‌കിനും മുൻ ഭാര്യ ജസ്റ്റിൻ വിൽസണും ജനിച്ച മൂന്ന് കുട്ടികളിൽ (triplets) ഒരാളാണ് കായ്. സാക്സൺ, ഡാമിയൻ എന്നിവരാണ് കൂടെപ്പിറന്നവർ. പിതാവിൻ്റെ അതേ മുഖഛായയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. വെറുതെ മുഖഛായ മാത്രമല്ല, അച്ഛന്റെ ശാസ്ത്രത്തോടും സാങ്കേതികവിദ്യയോടുമുള്ള താൽപ്പര്യവും കായ്ക്ക് പകർന്നു കിട്ടിയിട്ടുണ്ടെന്നാണ് സംസാരം.
മറ്റ് ചില സഹോദരങ്ങളെപ്പോലെ പൊതുവേദികളിൽ നിന്ന് അകന്നു നിൽക്കാതെ, മസ്കിനൊപ്പം ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കായ് ഒരു 'മിനി മസ്‌ക്' ആയി വളരുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
ആരാണ് കായ് ട്രംപ്?
ഇനി നമുക്ക് ട്രംപ് കുടുംബത്തിലെ കായിലേക്ക് വരാം. ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ, ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ മകളാണ് കായ് മാഡിസൺ ട്രംപ്. 'പ്രസിഡന്റിന്റെ ചെറുമകൾ' എന്നതിനപ്പുറം കായ്ക്ക് സ്വന്തമായൊരു മേൽവിലാസമുണ്ട് , ഒരു ഗോൾഫ് താരം കൂടിയാണ് കായ് ട്രംപ്.
ജൂനിയർ ഗോൾഫ് സർക്യൂട്ടിലെ ശ്രദ്ധേയ സാന്നിധ്യമായ കായ്, മയാമി യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ തയ്യാറെടുക്കുകയാണ്. ഇത് മാത്രമല്ല, 2024-ലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ മുത്തച്ഛന് വേണ്ടി പ്രസംഗിച്ച് രാഷ്ട്രീയ വേദികളിലും ഈ കൊച്ചുമിടുക്കി തന്റെ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിലും താരമാണ് കായ്.
'കായ്' : ഒരു പേര് പല അർത്ഥങ്ങൾ
എന്തുകൊണ്ടാണ് 'കായ്' എന്ന പേര് കേൾക്കുമ്പോൾ ഒരു പ്രത്യേക ആകർഷണം തോന്നുന്നത്? കാരണം, അതൊരു വെറും പേരല്ല. നിരവധി ഭാഷകളിലും സംസ്കാരങ്ങളിലും ആ പേര് നമുക്ക് കാണാം
ഹവായിയുടെ ശാന്തമായ തീരങ്ങളിൽ തിരമാലകളെ തലോടുന്ന "കടൽ" ആയും, ആഫ്രിക്കൻ സമതലങ്ങളിൽ കരുത്തിന്റെ പ്രതീകമായ "പോരാളി" ആയും ഈ പേര് മാറുന്നു. ജപ്പാനിൽ കടൽത്തീരത്തെ നിഗൂഢതകൾ പേറുന്ന "ചിപ്പി"യുടെ അർത്ഥം നൽകുമ്പോൾ, പേർഷ്യൻ പ്രൗഢിയിൽ അതൊരു "രാജാവിനെ" കുറിക്കുന്നു.
എന്തിന്, യൂറോപ്പിലെ എസ്റ്റോണിയയിൽ പോലും ക്ലാസിക് നാമമായ 'കാതറിൻ' എന്നതിന്റെ ലളിതവും ഓമനത്തമുള്ളതുമായ ചുരുക്കപ്പേരായി 'കായ്' ഉപയോഗിക്കപ്പെടുന്നു. മൂന്നക്ഷരത്തിൽ ഇത്രയധികം സംസ്കാരങ്ങളും അർത്ഥതലങ്ങളും ഒത്തുചേരുന്നത് കാണുമ്പോൾ അത്ഭുതം തോന്നാം. ഈ ലാളിത്യവും അതിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയും ആഗോള പ്രശസ്തിയുമാണ് 'കായ്' എന്ന പേരിനെ ലോകമെമ്പാടും പ്രിയങ്കരമാക്കുന്നത്.
പേരിലെ സാദൃശ്യം?
ട്രംപിന്റെയും മസ്‌കിന്റെയും കുടുംബങ്ങൾ ബോധപൂർവ്വം ഒരേ പേര് തിരഞ്ഞെടുക്കാൻ സാധ്യതയില്ല. ലോകമെമ്പാടുമുള്ള പേരുകളുടെ ട്രെൻഡുകൾ മാറുന്നതിനനുസരിച്ച് ചില പേരുകൾക്ക് സ്വീകാര്യതയേറുന്നതിന്റെ ഭാഗമാകാം ഇത്. അല്ലെങ്കിൽ തികച്ചും യാദൃശ്ചികം!
എന്തായാലും, "കായ് മസ്‌ക് എപ്പോഴെങ്കിലും കായ് ട്രംപിനെ കണ്ടിട്ടുണ്ടാവുമോ?" എന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം ഈ യാദൃശ്ചികതയുടെ രസം കൂട്ടുന്നു.
വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുമ്പോഴും, 'കായ്' എന്ന ഒരൊറ്റ പേര് ഈ രണ്ട് പ്രമുഖ കുടുംബങ്ങളെയും അപ്രതീക്ഷിതമായി വാർത്തകളിൽ ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നു. പേരുകൾക്ക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും കടന്ന് യാത്ര ചെയ്യാനും നമ്മെ അത്ഭുതപ്പെടുത്താനും കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്!
YOU MAY LIKE
കോടികൾ ഒഴുകിയ ഡൈവേഴ്സ് കഥകൾ: ലോകത്തെ ഞെട്ടിച്ച വിവാഹമോചനങ്ങൾ!
സിക്സറിനും ഫോറിനും ചിയർ: ഐപിഎൽ ചിയർലീഡർമാർക്ക് കിട്ടുന്ന വരുമാനം അറിയാമോ?