Share this Article
Latest Business News in Malayalam
യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വമ്പൻ ഐപിഒ; ലുലു ഐപിഒയ്ക്ക് നാളെ സമാപനം,വൻ ഡിമാൻഡ്; വിൽപന 30 ശതമാനത്തിലേക്ക് ഉയർത്തി
വെബ് ടീം
posted on 04-11-2024
1 min read
LULU IPO

അബുദാബി: ലുലു ഐപിഒയ്ക്ക് നാളെ സമാപനം ആകാനിരിക്കെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വമ്പൻ ഐപിഒ എന്ന റെക്കോർഡാണ് ലുലു റീറ്റെയ്ൽ സ്വന്തമാക്കുന്നത്.മൂല്യത്തിലും സബ്സ്ക്രിപ്ഷനിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ലുലു റീറ്റെയ്ൽ നേടിക്കഴിഞ്ഞു. ഊർജ സേവനസ്ഥാപനമായ എൻഎംഡിസി എനർജി ഓഗസ്റ്റിൽ നടത്തിയ 87.7 കോടി ഡോളറിന്റെ റെക്കോർഡ് ഐപിഒയാണ് പഴങ്കഥയായത്. സബ്സ്ക്രിപ്ഷനിലാകട്ടെ പാർക്കിൻ കോ ഈ വർഷം നടത്തിയ ഐപിഒയിൽ ലഭിച്ച 165 മടങ്ങ് എന്ന റെക്കോർഡും പിന്തള്ളപ്പെട്ടുവെന്നാണ് വിലയിരുത്തലുകൾ.

അധികമായി വിൽപനയ്ക്കുവച്ച 51.6 കോടിയിൽപ്പരം ഓഹരികൾ പൂർണമായും യോഗ്യരായ നിക്ഷേപകർക്ക് (പ്രൊഫഷണൽ ഇൻവെസ്റ്റർമാർ) മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ൽ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) നാളെ തിരശീല വീഴും. 25% ഓഹരികൾ (258.2 കോടി ഓഹരികൾ) വിറ്റഴിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വൻ സ്വീകാര്യത ലഭിച്ചതോടെ വിൽപന 30 ശതമാനത്തിലേക്ക് (310 കോടി ഓഹരികൾ) ഉയർത്തിയെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. 

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റിങ് ലക്ഷ്യമിട്ട് ഒക്ടോബർ 28നാണ് ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് തുടക്കമായത്. വിൽപനയ്ക്ക് വച്ച ഓഹരികൾക്ക് ആദ്യ മണിക്കൂറിൽ തന്നെ 100 ശതമാനത്തിലധികം അപേക്ഷകൾ കിട്ടിയിരുന്നു.

ഓഹരിക്ക് 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായിരുന്നു (44.40 രൂപ മുതൽ 46.49 രൂപവരെ) ഇഷ്യൂ വില. ഇതിൽ മാറ്റമില്ല. 164 കോടി ഡോളർ മുതൽ 172 കോടി ഡോളർ വരെ (ഏകദേശം 13,776 കോടി രൂപ മുതൽ 14,450 കോടി രൂപവരെ) സമാഹരണമാണ് ഐപിഒയുടെ പുതുക്കിയ ലക്ഷ്യം. 2,004 കോടി മുതൽ 2,107 കോടി ദിർഹം വരെ (48,231 കോടി രൂപവരെ/546-574 കോടി ഡോളർ) വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) വിലയിരുത്തിയുമാണ് ലുലു റീറ്റെയ്ൽ ഐപിഒ. ഇതിൽ 89% യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും (ക്യുഐബി) 10% ചെറുകിട നിക്ഷേപകർക്കും (റീറ്റെയ്ൽ നിക്ഷേപകർ) ബാക്കി ഒരു ശതമാനം കമ്പനിയിലെ യോഗ്യരായ ജീവനക്കാർക്കുമായി നീക്കിവച്ചിരുന്നു.റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം 5,000 ദിർഹം (1.14 ലക്ഷം രൂപ), ക്യുഐബികൾക്ക് 50 ലക്ഷം ദിർഹം (11.44 കോടി രൂപ) എന്നിങ്ങനെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക. റീറ്റെയ്ൽ നിക്ഷേപർക്ക് തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പാക്കുമെന്ന് ലുലു വ്യക്തമാക്കിയിരുന്നു.

ഇഷ്യൂവിലെ ഉയർന്ന വിലയായ 2.04 ദിർഹപ്രകാരം അപേക്ഷിച്ചവർക്കായിരിക്കും അലോട്ട്മെന്റ് ഭാഗ്യമുണ്ടാവുക. 2.04 ദിർഹമായിരിക്കും ഓഹരിക്ക് അന്തിമവിലയായി നിശ്ചയിച്ചേക്കുക. നവംബർ ആറിനാണ് അന്തിമവില പ്രഖ്യാപനം. അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് നവംബർ 13ന് നിക്ഷേപകർക്ക് ലഭിക്കും. നവംബർ 14ന് ലുലു റീറ്റെയ്ൽ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. 25 കോടി ദിർഹത്തിന്റെ (ഏകദേശം 68 കോടി ഡോളർ/572 കോടി രൂപ) നിക്ഷേപ വാഗ്ദാനവുമായി സൗദി അറേബ്യൻ നിക്ഷേപ സ്ഥാപനമായ മസാറ ഇൻവെസ്റ്റ്മെന്റ് കമ്പനിയും ലുലു ഐപിഒയിലെ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ചേർന്നിട്ടുണ്ട്.

2023ൽ 5.6% വളർച്ചയോടെ 730 കോടി ഡോളറായിരുന്നു ലുലുവിന്റെ വരുമാനം. 2024ന്റെ ആദ്യപകുതിയിലെ വരുമാനം 5.6% വളർച്ചയോടെ 390 കോടി ഡോളറാണ്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പ് 2023ലെ ലാഭം (എബിറ്റ്ഡ) 7.2% നേട്ടത്തോടെ 70.28 കോടി ഡോളറും 2024ന്റെ ആദ്യ പകുതിയിൽ 4.2% വളർച്ചയോടെ 39.10 കോടി ഡോളറുമാണ്. ഈ മികച്ച സാമ്പത്തിക പ്രകടനവും ലുലു ഐപിഒയ്ക്ക് മികച്ച സ്വീകാര്യത കിട്ടാനുള്ള ആകർഷണഘടകമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories