ഉപഭോക്താക്കൾക്കായി പുതിയ ആറു മൂല്യ വർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് മിൽമ മലബാർ മേഖല. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചാണ് ആറ് ഉൽപ്പന്നങ്ങളുടെയും ലോഞ്ചിങ് നടത്തിയത്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
നാച്ചുറൽ ഫ്ലേവറും കളറും ചേർന്ന ചിക്കു, പിസ്ത, ചോക്ലേറ്റ് എന്നീ വിഭാഗങ്ങളിലെ ഐസ്ക്രീമുകളും മറന്ന ജീവിതശൈലിക്ക് അനുസൃതമായി മാംഗോ, പൈനാപ്പിൾ ഫ്ലേവറുകളിലുള്ള ഷുഗർ ഫ്രീ യോഗേർട്ടുകളും മിൽമ നെയ്യ് ഉപയോഗിച്ചുണ്ടാക്കിയ കോഫി കേക്കുമാണ് പുതുതായി മിൽമ പുറത്തിറക്കിയത്. ഇതിനുപുറമേ മിൽമ മലബാർ മേഖല യൂണിയൻറെ 54 ഓളം ഉൽപ്പന്നങ്ങൾ 240 ഓളം വ്യത്യസ്ത പാക്കിങ്ങുകളിലായി നിലവിൽ വിപണിയിൽ ഉണ്ട്. കേരളത്തിന് അധികമായി ആവശ്യമുള്ളത് മൂന്നുലക്ഷം ലിറ്റർ പാലാണെന്നും എന്നാൽ 5 ലക്ഷം ലിറ്റർ പാൽ അധികമായി ഉത്പാദിപ്പിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അധിക ഉത്പാദനത്തിനായി പലിശരഹിത വായ്പ കർഷകർക്ക് നൽകുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
മിൽമയുടെ വിറ്റു വരവ് പത്തായിരം കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മിൽമയുടെ ചോക്ലേറ്റ് അടക്കമുള്ള ഉൽപ്പന്നങ്ങൾ വിദേശ വിപണിയിൽ എത്തിക്കാൻ ലുലു ഗ്രൂപ്പുമായി ധാരണ പത്രം ഒപ്പിട്ടതായും അദ്ദേഹം വ്യക്തമാക്കി. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായി. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മലബാർ മിൽമ സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.