ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് സൗദി അറേബ്യയിലേക്ക് തിരിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇത് മോദിയുടെ മൂന്നാമത്തെ സൗദി സന്ദർശനമാണ്.
സന്ദർശനത്തിന് മുന്നോടിയായി 'അറബ് ന്യൂസിന്' നൽകിയ അഭിമുഖത്തിൽ, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് സ്ഥിരതയുടെ നെടുംതൂണാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ സൗഹൃദത്തിന് അതിരുകളില്ലാത്ത സാധ്യതകളുണ്ട് (limitless potential) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തെയും 'വിഷൻ 2030' പോലുള്ള ഭരണപരിഷ്കാരങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. അദ്ദേഹം ഇന്ത്യ-സൗദി ബന്ധത്തിന്റെ ശക്തനായ വക്താവാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഊർജ്ജം, കൃഷി തുടങ്ങിയ മേഖലകളിൽ ശക്തമായ വ്യാപാര ബന്ധമുണ്ട്. സൗദി ഇന്ത്യയുടെ പ്രധാന ഊർജ്ജ പങ്കാളിയായി തുടരുമ്പോൾ, ഇന്ത്യ സൗദിയുടെ ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വർധിക്കുകയാണെന്നും ഇന്ത്യൻ കമ്പനികൾ സൗദിയുടെ 'വിഷൻ 2030' പദ്ധതികളിൽ പങ്കാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി നിക്ഷേപക്കരാർ യാഥാർഥ്യമാക്കാനും ഗൾഫ് രാജ്യങ്ങളുമായി (ജിസിസി) സ്വതന്ത്ര വ്യാപാര കരാർ സ്ഥാപിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു.