മുംബൈ: ഓഹരിവിപണിയിൽ ഇന്നലെ 65000 പോയിന്റ് എന്ന നിർണായക നിലവാരം പിന്നിട്ട സെൻസെക്സ് ഇന്നും മുന്നോട്ട്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് മാർക്കറ്റ് ലാഭമെടുപ്പു തുടരുന്നത്. സെൻസെക്സ് 381.55 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 65,586.6 ലും നിഫ്റ്റി 90.95 പോയിന്റ് നേട്ടത്തിൽ 19,413.5 എന്ന പുതിയ റെക്കോർഡും സ്വന്തമാക്കി. സെൻസെക്സിൽ ബജാജ് ഫിനാൻസ് 6.56% വും ബജാജ് ഫിന്‍സെര്‍വ് 3.93% വും ഉയർന്നു.
സെൻസെക്സിൽ വിപ്രോ, ടാറ്റ കൺസൽറ്റൻസി സർവീസസ്, ലാര്‍സൻ ആന്‍ഡ് ട്രൂബോ, ടെക് മഹീന്ദ്ര, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, എച്ച്ഡിഎഫ്‍സി എന്നീ ഓഹരികൾ മുന്നേറിയപ്പോൾ എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അള്‍ട്രാടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം തുടരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്സി എന്നീ ഓഹരികളായിരുന്നു വിപണിയിലെ മുന്നേറ്റത്തിലെ താരങ്ങൾ. സെൻസെക്സ് 486.49 പോയിന്റ് ഉയർന്ന് 65,205.05ലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 581.79 പോയിന്റ് വരെ ഉയരുകയും ചെയ്തു. ഇതോടെ റെക്കോർഡ് ഇൻട്രാഡേ നിലവാരമായ 65,300.25 പോയന്റിൽ സൂചിക മുട്ടി. നിഫ്റ്റി 133.50 പോയിന്റ് വർധിച്ച് റെക്കോർഡ് നിലയായ 19,322.55ൽ ക്ലോസ് ചെയ്യുകയും ചെയ്തു.