ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രോക് ഇന്ത്യയിലുമെത്തി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1,300 രൂപയാണ് പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷനായി ചെലവഴിക്കേണ്ടത് ടെസ്ല സ്ഥാപകനും, ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭമായ എക്‌സ്‌ഐ, വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് മോഡലാണ് ഗ്രോക്. നിലവില്‍, എക്‌സിന്റെ പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് മാത്രമാണ് ഗ്രോക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇലോണ്‍ മസ്‌ക് ആഗോള വിപണിയില്‍ ഗ്രോക്കിനെ അവതരിപ്പിച്ചത്.
ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ 46 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഗ്രോക്കിന്റെ സേവനങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1,300 രൂപയാണ് പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷനായി ചെലവഴിക്കേണ്ടത്. യൂസര്‍മാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും തമാശരൂപേണ മറുപടി നല്‍കുന്ന തരത്തിലാണ് ഗ്രോക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇവ എക്‌സില്‍ നിന്നുള്ള തല്‍സമയ ഡാറ്റയും പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് എഐ ചാറ്റ്‌ബോട്ടുകള്‍ നിരസിക്കുന്ന ചോദ്യങ്ങള്‍ക്ക് പോലും ഗ്രോക്കിന് മറുപടി നല്‍കാന്‍ കഴിയുന്നതാണ്.