എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബ്രാന്‍ഡില്‍ സര്‍വീസ് നടത്താന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അനുമതി നല്‍കി. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായ ഇരു കമ്പനികളും ലയിക്കുന്നതിന്റെ അടുത്ത പടിയെന്നോണമാണ് റീബ്രാന്‍ഡിങ്ങ്.
ഇരു കമ്പനികളുടെയും നിയമപരമായ ലയനത്തിന് മുമ്പ് തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്'എന്ന പൊതു ബ്രാന്‍ഡ് നാമത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതാണ് റെഗുലേറ്ററില്‍ നിന്നുള്ള അംഗീകാരം. എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള ലയനത്തിനുള്ള തുടര്‍ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
2023 മാര്‍ച്ചില്‍ ഇരു എയര്‍ലൈന്‍ കമ്പനികളും ഒരു ഏകീകൃത വെബ്സൈറ്റ് ആരംഭിച്ചിരുന്നു. വെബ്‌സൈറ്റിലൂടെ യാത്രക്കാര്‍ക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു പ്രത്യേകത. രണ്ട് എയര്‍ലൈനുകളെയും ഒരു കുടക്കീഴിലാക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ആദ്യ പടിയായിരുന്നു ഈ മാറ്റം.
മാസങ്ങള്‍ക്ക് മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ പൂര്‍ണമായി ഏറ്റെടുത്തത്. എയര്‍ എഷ്യ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും മൂന്നു മാസം മുമ്പ് ഒരു സിഇഒയുടെ കീഴിലാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ 19 നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 14 വിദേശ നഗരങ്ങളിലേക്കും 19 ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വിസ് നടത്തുന്നുണ്ട്.