കൊച്ചി: സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് ഒറ്റയടിക്ക് 140 രൂപയാണ് കൂടിയത്. പവന്റെ വിലയിൽ 1120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഇത് 43,200 രൂപയായിരുന്നു. സ്വർണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വർധിക്കുന്നത് അടുത്തയിടെ ഇതാദ്യമായാണെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് ഒരു ദിവസം 150 രൂപ കൂടിയിരുന്നു. എന്നാൽ, അന്ന് രണ്ട് തവണയായാണ് വില വർധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 5540 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ ദിവസം ഇത് 5400 രൂപയായിരുന്നു. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണവിലയിൽ കഴിഞ്ഞ ദിവസം 1497 രൂപയുടെ വർധനയുണ്ടായി. 10 ഗ്രാം സ്വർണത്തിനാണ് വില വർധന. മാർച്ചിന് ശേഷം ഇതാദ്യമായാണ് എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന് ഇത്രയധികം വില വർധനയുണ്ടാവുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയും വർധിച്ചു. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,932.40 ഡോളറായാണ് വർധിച്ചത്. 63 ഡോളറിന്റെ വർധനയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 3.41 ശതമാനമാണ് സ്പോട്ട് ഗോൾഡിന്റെ വിലയിലെ വർധനവ്.