മുംബൈ: ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍ പിന്നിട്ടു. യുഎസ്, ചൈന, ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ നാല് ലക്ഷം കോടി ഡോളറിലധികമുള്ള ക്ലബിലുള്ളത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവില്‍ 333 ലക്ഷം കോടി രൂപയാണ്. ഡോളറില്‍ കണക്കാക്കിയാല്‍ നാല് ലക്ഷം കോടി. 48 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമുള്ള യുഎസാണ് ലോകത്തിലെ ഏറ്റവും വലിയ ഇക്വിറ്റി മാര്‍ക്കറ്റ്. ചൈനയും(9.7 ലക്ഷം കോടി ഡോളര്‍), ജപ്പാനും (6 ലക്ഷം കോടി ഡോളര്‍) ബഹുദൂരം പിന്നിലാണ്.
ബ്ലൂംബര്‍ഗിന്റെ കണക്കു പ്രകാരം നടപ്പ് കലണ്ടര്‍വര്‍ഷം ഇതുവരെ രാജ്യത്തെ വിപണി മൂലധനം 15 ശതമാനത്തോളമാണ് ഉയര്‍ന്നത്. ചൈനയുടെ വിപണി മൂല്യമാകട്ടെ അഞ്ച് ശതമാനം ഇടിയുകയുംചെയ്തു. ഇന്ത്യയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച 10 മുന്‍നിര രാജ്യങ്ങളില്‍ ഒന്നുമാത്രം. യുഎസ്. 17 ശതമാനമാണ് മുന്നേറ്റം. ലോകത്തൊട്ടാകെയുള്ള സംയോജിത വിപണി മൂല്യമാകട്ടെ 106 ലക്ഷം കോടി ഡോളറായി. ഈ വര്‍ഷം 10 ശതമാനമാണ് കുതിച്ചത്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണി മൂല്യം വന്‍കുതിപ്പിന് സാക്ഷ്യം വഹിക്കാനിടയാക്കിയത്. മുന്‍നിരയിലെ 100 കമ്പനികള്‍ക്ക് പുറത്തുള്ള സ്റ്റോക്കുകളുടെ വിപണി മൂല്യത്തിലെ സംഭാവന 40 ശതമാനമാണ്.