നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കണമെങ്കിലും ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഉയർത്തണമെങ്കിലും ഉയർന്ന ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) അത്യാവശ്യമാണ്. നിങ്ങൾക്ക് ലോൺ ലഭിക്കുന്നതും അതിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നതും ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്.
നിങ്ങൾ എങ്ങനെയാണ് വായ്പ തിരിച്ചടയ്ക്കുന്നത്? നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗം എങ്ങനെയാണ്? ക്രെഡിറ്റ് ചരിത്രം എത്ര ദൈർഘ്യമുള്ളതാണ്? എന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഈ സ്കോർ. അതിനാൽ വായ്പ ലഭിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോർ പ്രധാനമാണ്. ക്രെഡിറ്റ് സ്കോർ നിലനിർത്താൻ എന്തൊക്കെ ചെയ്യണമെന്ന് നമുക്ക് നോക്കാം
എന്താണ് ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) ?
ക്രെഡിറ്റ് സ്കോർ ഒരു മൂന്നക്ക സംഖ്യയാണ്. ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) 700ന് മുകളിലാണെങ്കിൽ ബാങ്കുകൾ ഒരു മടിയും കൂടാതെ വായ്പ നൽകും. എന്നാൽ ക്രെഡിറ്റ് സ്കോർ 700-ൽ താഴെയാണെങ്കിൽ, നിങ്ങളുടെ തിരിച്ചടവ് പാറ്റേൺ നല്ലതല്ലെന്ന് ബാങ്കുകൾക്ക് മനസിലാകുകയും ലോണുകളും ക്രെഡിറ്റ് കാർഡുകളും കിട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ക്രെഡിറ്റ് സ്കോർ കുറയുക്കുന്ന 6 കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1 തിരിച്ചടവ് മുടങ്ങൽ
ലോണുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് തിരിച്ചടയ്ക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. തിരിച്ചടയ്ക്കാതിരിക്കുന്നതും വൈകുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം അതിനാൽ കൃത്യസമയത്ത് പണമടയ്ക്കുന്നത് ഉറപ്പാക്കുക.
2 ക്രെഡിറ്റ് ഉപയോഗ അനുപാതം കൂടുതൽ
ഇതിനെ ഇംഗ്ലീഷിൽ "ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ" എന്ന് വിളിക്കുന്നു. ഉയർന്ന ക്രെഡിറ്റ് വിനിയോഗ അനുപാതം ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ മൊത്തം ക്രെഡിറ്റിൻ്റെ 30 ശതമാനം ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.
3. ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകൾ
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ പിശകുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ക്രെഡിറ്റ് റെക്കോർഡ്, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ തെറ്റാണെങ്കിൽ, ഉടൻ ക്രെഡിറ്റ് കാർഡ് ഇഷ്യൂവറെ അറിയിക്കുക. കാരണം ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറും നിർണ്ണയിക്കുന്നു. ആരെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഏതെങ്കിലും അനധികൃത ഇടപാടുകൾ ഉണ്ടെങ്കിൽ ഉടനടി അത് തിരുത്തണം.
4. പുതുതായി എടുക്കുന്ന ലോണുകൾ
പുതുതായി ലോൺ എടുത്താൽ അത് ക്രെഡിറ്റ് സ്‌കോറിനെ കുറച്ച് സമയത്തേക്ക് പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ നിങ്ങൾ ലോൺ കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് സ്കോർ വീണ്ടും വർദ്ധിക്കും.
5. ക്രെഡിറ്റ് സ്കോർ പരിശോധന
നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലോണുകളോ മറ്റ് ലോണുകളോ അനുവദിക്കുന്നതിന് വായ്പാ ദാതാവ് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ സാധ്യതയുണ്ട്. എന്നാൽ ക്രെഡിറ്റ് സ്കോർ നിങ്ങൾ സ്വയം പരിശോധിക്കുകയാണെങ്കിൽ ക്രെഡിറ്റ് സ്കോർ കുറയില്ല
6. ഇടയ്ക്കിടയ്ക്ക് പുതിയർ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത്
മാസങ്ങൾക്കുള്ളിൽ വിവിധ ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും. അവ നിങ്ങളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.