ന്യൂഡല്‍ഹി:ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ഇന്നലെ എന്‍വിഡിയയുടെ ഓഹരി വില 3.5 ശതമാനം ഉയര്‍ന്ന് 135.58 ഡോളറായി മുന്നേറിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ വിപണി മൂല്യം 3.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നാണ് മൈക്രോസോഫ്റ്റിനെ മറികടന്ന് ഒന്നാമതെത്തിയത്.
പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് രണ്ടാമതെത്തി ദിവസങ്ങള്‍ക്കകമാണ് മൈക്രോസോഫ്റ്റിനെയും പിന്തള്ളി എന്‍വിഡിയയുടെ കുതിപ്പ്. ഇന്നലെ മൈക്രോസോഫ്റ്റ് ഓഹരിക്ക് ഉണ്ടായ ഇടിവും എന്‍വിഡിയയുടെ നേട്ടത്തിന് സഹായകമായി. ഇന്നലെ മൈക്രോസോഫ്റ്റ് ഓഹരി 0.45 ശതമാനമാണ് ഇടിഞ്ഞത്.
മൈക്രോസോഫ്റ്റ്, മെറ്റാ, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാരില്‍ നിന്നുള്ള ചിപ്പുകളുടെ അമിതമായ ഡിമാന്‍ഡ് ആണ് എന്‍വിഡിയയുടെ ഓഹരി വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഈ വര്‍ഷം മാത്രം എന്‍വിഡിയയുടെ ഓഹരി വില 182 ശതമാനമാണ് ഉയര്‍ന്നത്. 2023-ല്‍ മൂന്നിരട്ടിയിലധികമാണ് മുന്നേറിയത്.
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പോലുള്ള എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന എഐ ചിപ്പുകളുടെ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് എന്‍വിഡിയ ആണ്.
1999ല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എന്‍വിഡിയ ഓഹരികള്‍ 5,91,078 ശതമാനമാണ് ഉയര്‍ന്നത്. 1999ല്‍ കമ്പനിയില്‍ 10,000 ഡോളര്‍ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ ഇന്നത്തെ ഓഹരി മൂല്യം 59,107,800 ഡോളറായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.