രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കാൻ തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോൺ ലക്ഷ്യമിടുന്നതായി സൂചന. ഐഫോൺ നിർമ്മാതാക്കളെന്ന നിലയിൽ ഇതിനോടകം തന്നെ പ്രശസ്തമായ കമ്പനി വിവിധ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഫോക്‌സ്‌കോൺ എക്‌സിക്യൂട്ടീവുകളെ കാണാനും പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും ഇന്ത്യൻ പ്രതിനിധി സംഘം ഉടൻ തായ്‌വാൻ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . മറ്റ് ബ്രാൻഡുകളുടെ നിർമ്മാണം ഫോക്‌സ്‌കോൺ ഏറ്റെടുത്ത് നടത്തുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ആതർ എനർജിയുമായി കമ്പനിക്ക് ബന്ധമുണ്ടെങ്കിലും മറ്റൊരു വൻകിട വാഹന നിർമ്മാതാവും ഇതിൽ പങ്കാളിയാകുമെന്നാണ് സൂചന.
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവി പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ വർഷം ഇന്ത്യാ സന്ദർശന വേളയിൽ ഫോക്‌സ്‌കോണിന്റെ ഉന്നത എക്‌സിക്യൂട്ടീവുകളെ കണ്ടിരുന്നു.
നിർമ്മാണം, ഹാർഡ്‌വെയർ, പാർട്സ് നിർമ്മാണം, ബാറ്ററി മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടുന്ന ഒരു വലിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ തായ്‌വാനീസ് കമ്പനിക്ക് താല്പര്യമുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഇരുചക്ര വാഹന ഇവി നിർമ്മാണ സേവനങ്ങൾ നൽകുന്നതിനായി ഈ വർഷം ഒരു പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കുന്നതിന് ഇന്ത്യ സഹായിക്കുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ഫോക്‌സ്‌കോൺ വ്യക്തമാക്കുന്നു.