Share this Article
Latest Business News in Malayalam
നവംബർ 1 മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങൾ; ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എൽപിജി വരെ...
വെബ് ടീം
posted on 31-10-2024
1 min read
MONEY

ന്യൂഡൽഹി: നവംബർ 1 മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങളാണ് വരുന്നത്.ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഈ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്,എല്‍പിജി സിലിണ്ടര്‍ വില,മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, ടെലികോം മേഖല, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

1  ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട്

ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട്  പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം.ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. 

2  ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് 

പുതിയ നിയപ്രകാരം ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കും. യാത്രാ ദിവസം ഒഴികേയാണ് 60 ദിവസം കണക്കാക്കപ്പെട്ടത്. 2024 നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതു വഴി എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നു.

3  എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്

ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.

യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും ഫിനാൻസ് ചാർജുകൾക്കുമാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളുടെയും ഫിനാൻസ് ചാർജുകൾ 3.75 ശതമാനമായി പരിഷ്കരിച്ചു. ഈ മാറ്റം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബില്ലിംഗ് കാലയളവിലെ യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1% ഫീസ് ബാധകമാകും. ഈ കാര്യം 2024 ഡിസംബർ 1 മുതലാണ് വരുന്നത്.

ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്‍.

ഇന്ത്യന്‍ ബാങ്ക് സ്പെഷ്യല്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബര്‍ 30 ആണ്. 'ഇന്‍ഡ് സൂപ്പര്‍ 300' സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.55 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതല്‍ മൂന്ന്് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.

4  എല്‍പിജി സിലിണ്ടര്‍ വില

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഒക്‌ടോബര്‍ മാസം ആഗോള എണ്ണവില അസ്ഥിരമായിരുന്നെങ്കിലും ഏറെക്കുറെ വില താഴ്ന്നിരുന്നു. അതേസമയം എണ്ണക്കമ്പനികളുടെ വരുമാന കണക്കുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയര്‍ന്നിട്ടില്ല. അതിനാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയടക്കം അവര്‍ ക്രമീകരിച്ചേക്കാം. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കമ്പനികള്‍ 48.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

5  മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍

മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കര്‍ശനമായ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍, നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ കംപ്ലയന്‍സ് ഓഫീസര്‍മാര്‍ക്ക് എഎംസികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

6  ടെലികോം 

സ്പാം കോളുകളും മെസേജുകളും തടയാന്‍ മെസേജ് ട്രെയ്സിബിലിറ്റി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോ, എയര്‍ടെല്‍, വി അടക്കമുള്ള തുടങ്ങിയ ടെലികോം ദാതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതായത് ടെലികോം കമ്പനികള്‍ നേരിട്ട് സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും. ഇനിമുതൽ അനാവശ്യ സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ എത്തില്ല.

അതേ സമയം  ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള നവംബർ 1 മുതൽ ഏർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.

ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്. ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.

ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്.

7  ബാങ്ക് അവധി

പൊതു അവധിയും, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കാരണം രാജ്യത്ത് നവംബറില്‍ മൊത്തം 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് 24/7 ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. മുകളില്‍ പറഞ്ഞ അവധി എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories